ആഴം കുറഞ്ഞ് നീണ്ടകര ഹാർബർ: അഴിമുഖത്തെ പുലിമുട്ട് അശാസ്ത്രീയം

Thursday 22 July 2021 12:57 AM IST
കൊല്ലം നീണ്ടകര ഹാർബറിന് സമീപം ഡ്രഡ്‌ജിംഗ് നടക്കുന്നു

കൊല്ലം: നീണ്ടകര മത്സ്യബന്ധന തുറമുഖത്തിന് സമീപം ബോട്ടുകൾ അടിത്തട്ടിൽ ഉറയ്ക്കുന്നതും ഹാർബറിൽ അടുക്കാൻ കഴിയാത്ത തരത്തിൽ കായലിൽ ആഴം കുറഞ്ഞതും അഴിമുഖത്തെ പുലിമുട്ട് അശാസ്ത്രീയമായത് മൂലമാണെന്ന ആരോപണവുമായി മത്സ്യത്തൊഴിലാളികൾ.

അഷ്ടമുടി കായലിൽ ഹാർബറിന് സമീപം മണ്ണും ചെളിയും അടിയുന്നത് സുഗമമായ വേലിയേറ്റ വേലിയിറക്കം നടക്കാത്തത് മൂലമാണമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. മണ്ണ് അടിയുന്നത് മൂലം ബോട്ടുകൾ നീണ്ടകരയിൽ അടുക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകുന്നതായി കാട്ടി നിരവധി തവണ വകുപ്പ് അധികൃതർക്ക് മത്സ്യത്തൊഴിലാളികൾ പരാതി നൽകിയിരുന്നു. മുപ്പതിലധികം വർഷങ്ങൾക്ക് ശേഷം ഒരു മാസം മുമ്പാണ് ഈ ഭാഗത്ത് ആഴംകൂട്ടൽ നടപടികൾ ആരംഭിച്ചത്.

അഴിമുഖത്തെ കടലാക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് ശക്തികുളങ്ങര, നീണ്ടകര ഭാഗങ്ങളിൽ പുലിമുട്ടുകൾ നിർമ്മിച്ചത്. ഹാർബറുകളുടെ സുഗമമായ പ്രവർത്തനത്തിന് നീണ്ടകര ഹാർബറിന്റെ പടിഞ്ഞാറ് ഭാഗത്ത് കര കയറിനിൽക്കുന്നയിടത്ത് 11 കോടി രൂപ ചെലവിൽ ടെട്രാപോഡുകൾ ഉപയോഗിച്ച് മറ്റൊരു പുലിമുട്ട് കൂടി നിർമ്മിച്ചു. ഇവയ്ക്കിടയിലുള്ള ഭാഗത്ത് കടൽ, കായൽ തിരകളുടെ ശക്തികുറവായതിനാൽ ഇവിടങ്ങളിൽ അടിയുന്ന എക്കലും മാലിന്യവും ഒഴുകിപോകാതെ അടിഞ്ഞുകൂടുകയാണ്. ഇത്തരത്തിൽ എക്കൽ അടിയുന്നത് മൂലമാണ് ആഴം കുറയുന്നതെന്നാണ് പ്രധാന ആക്ഷേപം. കൃത്യമായ ഇടവേളകളിൽ ഡ്രഡ്ജിംഗ് നടത്താത്തതും ആഴക്കുറവിന് സഹായകരമായി മാറി.

ആഴം കൂട്ടുന്നത് 30 വർഷത്തിന് ശേഷം

മണ്ണ്, മാലിന്യങ്ങൾ, ബോട്ടുകളിൽ ഉപയോഗിക്കുന്ന കയർ, ടയർ തുടങ്ങിയവ അടിഞ്ഞുകൂടി ഹാർബറിനോട് ചേർന്നുള്ള ഭാഗത്തെ ആഴം ഒന്നരമീറ്റർ മാത്രമായി. ഇതോടെ ബോട്ടുകൾ അടുപ്പിക്കുന്നതിനും വാർഫിന്റെ സൗകര്യം പൂർണമായി ഉപയോഗിക്കുന്നതിനും ബുദ്ധിമുട്ടായി. പലതവണ ആഴംകൂട്ടൽ ആരംഭിച്ചെങ്കിലും അടിത്തട്ടിലെ മാലിന്യം നീക്കം ചെയ്യുന്നതിലെ ബുദ്ധിമുട്ടുമൂലം ഫലം കണ്ടിരുന്നില്ല. മൂന്ന് ദശാബ്ദത്തിന് ശേഷമാണ് ഇവിടെ ആഴം കൂട്ടൽ നടപടികൾ നടക്കുന്നത്. കേന്ദ്ര സർക്കാർ നിയന്ത്രണത്തലുള്ള ഭാരതീയ ഡ്രഡ്ജിംഗ് കോർപ്പറേഷന്റെ നേതൃത്വത്തിൽ ചവറ ആസ്ഥാനമായുള്ള കൊല്ലം ഫാബ്രിക്കേറ്റേഴ്‌സ് എന്ന കമ്പനിയാണ് ഡ്രഡ്ജിംഗിനുള്ള കരാർ ഏറ്റെടുത്തത്. നീണ്ടകര ഹാർബറിന് പടിഞ്ഞാറ് മുതൽ നീണ്ടകര പാലത്തിന് കിഴക്ക് ദളവാപുരം പാലം വരെയുള്ള 450 മീറ്റർ ഭാഗത്താണ് ആഴംകൂട്ടുന്നത്. നാലുമാസമാണ് കരാർ കാലാവധി.

നീണ്ടകര ഹാർബർ

നിലവിലെ ആഴം: 1.5 മീറ്റർ
ആഴം കൂടുമ്പോൾ: 4 മീറ്റർ
ആഴം കൂട്ടുന്നത്: ഹാർബറിന്റെ പടിഞ്ഞാറുഭാഗം മുതൽ ദളവാപുരം പാലം വരെ

വീതി: 150 മീറ്റർ

നീളം: 450 മീറ്റർ

നീണ്ടകരയിൽ ബോട്ടുകൾ: 1,200
ഇൻബോർഡ് വള്ളങ്ങൾ: 500

കായലിൽ നിരോധിത കുറ്റിവലയും

നീണ്ടകര പാലത്തിന് കിഴക്ക് അഷ്‌ടമുടി കായലിൽ നിരോധിത മത്സ്യബന്ധനം തകൃതിയായിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ. കായലിന് കുറുകെ കണ്ണിവലിപ്പം കുറവുള്ള വലകൾ കുറ്റികളിൽ സ്ഥാപിച്ച് മത്സ്യക്കുഞ്ഞുങ്ങളെയടക്കം പിടിക്കുകയാണ്. നേരത്തെ കുറ്റിവലകൾക്ക് അനുമതി നൽകിയിരുന്നെങ്കിലും മത്സ്യസമ്പത്തിന് ഭീഷണിയായതോടെ ഇത് പിൻവലിച്ചു. നഗ്നമായ നിയമലംഘനം നടന്നിട്ടും അധികൃതർ നടപടിയെടുക്കാത്തത് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ എതിർപ്പിന് കാരണമായിട്ടുണ്ട്.

''

ഫിഷറീസ് പട്രോളിംഗ് വിഭാഗത്തിന്റെ ഓഫീസ് നീണ്ടകര അഴിമുഖത്തിന് സമീപത്തേക്ക് മാറ്റുകയും കായൽ നിരീക്ഷണം ശക്തമാക്കി നിമയവിരുദ്ധ മത്സ്യബന്ധനത്തിനെതിരെ നടപടി സ്വീകരിക്കുകയും വേണം.

മത്സ്യത്തൊഴിലാളികൾ

Advertisement
Advertisement