മനുഷ്യരാവണമെന്ന് പാടിയതുകൊണ്ട്  മനുഷ്യരാവില്ല, രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കേണ്ട ജീവിതങ്ങളല്ല അവരുടേതെന്ന് റഹീമിനോട് ശ്രീജിത്ത് പണിക്കർ

Thursday 22 July 2021 10:40 AM IST

ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിനെ ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിട്ടിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു വർഷമായി ബുദ്ധിമുട്ടുകൾ അവർ അനുഭവിക്കുകയായിരുന്നു. ചികിത്സയിലുണ്ടായ പിഴവാണ് ഇതിന് കാരണമായതെന്നും ആരോപണമുണ്ട്. ഇതു സംബന്ധിച്ച് അനന്യ പരാതി നൽകിയിട്ടും ഗുണമുണ്ടായില്ലെന്നും സുഹൃത്തുക്കൾ അഭിപ്രായപ്പെടുന്നു. ഈ വിഷയത്തിൽ യുവജന സംഘടനയായ ഡി വൈ എഫ് ഐ എന്താണ് സ്വീകരിച്ചതെന്ന് ചോദിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സഖാവ് എ എ റഹിമിനോടാണ്.

നാലു വർഷം മുൻപ് ട്രാൻസ്‌ജെൻഡർ വിഭാഗത്തിനു ഭൂരിപക്ഷമുള്ള സംഘടനാ യൂണിറ്റ് സ്ഥാപിച്ച പ്രസ്ഥാനമാണ് ഡിവൈഎഫ്ഐ. അവരുടെ സാമൂഹ്യ സ്വീകാര്യതയും സുരക്ഷിതത്വവും വർധിപ്പിക്കാൻ നിയമനിർമ്മാണവും ആനുകൂല്യങ്ങളും വേണമെന്ന ഡിവൈഎഫ്ഐ നിർദേശങ്ങൾ ഉൾപ്പെടുത്തിയാണ് സിപിഎം ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കിയത്.

അതോടെ കഴിഞ്ഞോ സംരക്ഷണം?

അനന്യ കുമാരി അലക്സ് എന്നൊരാളുടെ മരണം താങ്കളുടെ ശ്രദ്ധയിൽപ്പെട്ടില്ലേ?

ചികിത്സാ പിഴവുമൂലം തന്റെ സ്വകാര്യഭാഗം വെട്ടിമുറിച്ചതുപോലെ ഭീകരമായിപ്പോയെന്ന് അവർ വിലപിച്ചത് താങ്കളെ ഞെട്ടിച്ചില്ലേ?

പൂത്തിരി ചീറ്റുന്നതു പോലെയാണ് മൂത്രം പോകുന്നതെന്ന് കേട്ടപ്പോൾ ഒരുതരം മരവിപ്പ് അനുഭവപ്പെട്ടില്ലേ?

ഇരുപത്തിനാല് മണിക്കൂറും നാപ്കിനുകൾ ഉപയോഗിക്കേണ്ടി വന്ന അവസ്ഥയെക്കുറിച്ചോർത്ത് ദുഃഖം തോന്നിയില്ലേ?

വിവരം ശ്രദ്ധയിൽ പെടുത്തിയിട്ടും ആരോഗ്യമന്ത്രി വീണാ ജോർജിൽ നിന്ന് അനുകൂല സമീപനം ഉണ്ടായില്ലെന്ന പരാതി താങ്കളെ അസ്വസ്ഥനാക്കിയില്ലേ?

കെ കെ ഷൈലജ ആയിരുന്നു മന്ത്രിയെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നെന്ന് പറഞ്ഞത് താങ്കളെ നിരാശപ്പെടുത്തിയില്ലേ?

എന്നിട്ട് താങ്കളും പ്രസ്ഥാനവും ഒരു ചെറുവിരൽ അനക്കിയോ?

അതെ, 'മനുഷ്യരാവണം' നമ്മൾ!

വിദേശത്തെ പ്രശ്നങ്ങൾക്ക് ഇവിടെ ഞായറാഴ്ച സമരം നടത്താനും മാർച്ച് നടത്താനും എളുപ്പമാണ് റഹിം. എന്നാൽ നിലപാട് എന്നൊന്നുണ്ട്. ഭൂതദയ എന്നൊന്നുണ്ട്. മനുഷ്യരാവണമെന്ന് ഈണത്തിൽ പാടിയതുകൊണ്ട് നാം മനുഷ്യരാവില്ല. നടക്കുന്നതു കൊണ്ടും, ശ്വസിക്കുന്നതു കൊണ്ടും, സമരം ചെയ്യുന്നതുകൊണ്ടും നാം മനുഷ്യരാവില്ല. അതിനു മനുഷ്യത്വം തന്നെ വേണം.

ചോദിക്കാനും പറയാനും ഇന്നും അധികമാരും ഇല്ലാത്തവരാണ് ട്രാൻസ്‌ജെൻഡർ വിഭാഗം. അവർക്കൊപ്പം എന്ന പ്രഖ്യാപനം ആത്മാർത്ഥമെങ്കിൽ അനന്യയ്ക്ക് മരണാനന്തരമെങ്കിലും നീതി ലഭിക്കുന്നത് താങ്കളുടെ പ്രസ്ഥാനത്തിലൂടെ ആവണം. അല്ലെങ്കിൽ മേല്പറഞ്ഞ യൂണിറ്റ് സ്ഥാപനവും, പ്രകടന പത്രികയുമൊക്കെ വെറും പ്രഹസനം മാത്രമായിപ്പോകും റഹിം; പ്രസ്താവനകൾ വെറുംവാക്കുകളും. അങ്ങനെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കേണ്ട ജീവിതങ്ങളല്ല അവരുടേത്.

അവരും മനുഷ്യരാണ്. ഈ സമൂഹത്തിൽ ജീവിക്കേണ്ടവർ.

പണിക്കർ

Advertisement
Advertisement