പരാതിയിൽ നിന്ന് പിന്മാറില്ല; മന്ത്രി ശശീന്ദ്രനെതിരെ ഗവർണറെ സമീപിക്കുമെന്ന് യുവതി

Thursday 22 July 2021 12:35 PM IST

കൊല്ലം: പീഡന പരാതിയിൽ ഒത്തുതീർപ്പിന് വേണ്ടി മന്ത്രി എ കെ ശശീന്ദ്രൻ ഇടപെട്ട സംഭവത്തിൽ മന്ത്രിക്കെതിരെ ഗവർണർക്ക് പരാതി നൽകുമെന്ന് യുവതി. സ്വമേധയാ ഗവർണർക്ക് പരാതി നൽകുന്നതാണെന്ന് വ്യക്തമാക്കിയ യുവതി ബി ജെ പിയുടെ പിന്തുണ തനിക്കുണ്ടെന്നും വ്യക്തമാക്കി. മന്ത്രിക്കെതിരായ പരാതിയിൽ നിന്നും പിന്മാറില്ല. പ്രതിക്കൊപ്പം നിന്ന് പൊലീസ് അധിക്ഷേപിക്കുകയാണെന്നും യുവതി പറഞ്ഞു.

നിയമസഭയിൽ ഇന്ന് എ കെ ശശീന്ദ്രനെ പ്രതിരോധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയത് ശ്രദ്ധേയമായി. മന്ത്രി ഒരു തരത്തിലും തെറ്റ് ചെയ്‌തിട്ടില്ലെന്നും പാര്‍ട്ടിക്കാര്‍ തമ്മിലുള്ള പ്രശ്‌നത്തിലാണ് ഇടപെട്ടതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. പാര്‍ട്ടി നേതാവ് എന്ന നിലയില്‍ പാര്‍ട്ടിക്കാരനെ വിളിക്കുക മാത്രമാണ് മന്ത്രി ചെയ്‌തത്. കേസില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തില്‍ കേസെടുക്കുന്നതില്‍ വീഴ്‌ചയുണ്ടായിട്ടുണ്ടോയെന്ന് ഡി ജി പി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിനുപിന്നാലെയാണ് ഗവർണറെ സമീപിക്കാനുളള തീരുമാനം പരാതിക്കാരിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. വിസ്‌മയയുടെ മരണത്തിന് ശേഷം സ്‌ത്രീ വിഷയങ്ങളിൽ ശക്തമായ നിലപാട് സ്വീകരിച്ച് രംഗത്തെത്തിയ ഗവർണറുടെ നിലപാട് ഇക്കാര്യത്തിൽ ശ്രദ്ധേയമാകും.