ഒരു മാസത്തിനിടെ 11 ആത്മഹത്യ,​ ജീവനെടുത്ത് കടക്കെണി

Thursday 22 July 2021 10:40 PM IST

തിരുവനന്തപുരം: കൊവിഡും ലോക്ക്ഡൗണുമുണ്ടാക്കിയ വരുമാന-തൊഴിൽ നഷ്ടവും കടക്കെണിയും താങ്ങാനാവാതെ ഒരു മാസത്തിനിടെ സംസ്ഥാനത്ത് ജീവനൊടുക്കിയത് 11 പേർ. അതിൽ ഒടുവിലത്തെ സംഭവമാണ് തിരുവനന്തരപുരം തച്ചോട്ടുകാവിൽ സ്റ്റേഷനറിക്കടയുടമ വിജയകുമാർ ഇന്നലെ വീടിന്റെ സൺഷേഡിൽ കെട്ടിത്തൂങ്ങിയത്.

ജീവനോപാധികൾ നഷ്ടപ്പെട്ട് കടുത്ത പ്രതിസന്ധിയിലാണ് ദിവസക്കൂലിക്കാരും ചെറുകച്ചവടം നടത്തുന്ന ഇടത്തരകാരും. രണ്ടു കൊല്ലമായി വിവാഹ, വിനോദ യാത്രകൾ മുടങ്ങിയതോടെ കടമെടുത്ത് ബസ് വാങ്ങിയവർ കുരുക്കിലായി. സ്വകാര്യ ബസുടമകളിൽ നല്ലൊരു പങ്കും ജീവനക്കാരാണ്. സർവീസ് നിലച്ചതോടെ വായ്പാ തിരിച്ചടവ് മുടങ്ങി കടം കുന്നുകൂടി. ഉത്സവങ്ങൾ മുടങ്ങിയതോടെ കലാരംഗത്ത് ആയിരങ്ങൾക്ക് ജീവിതമാർഗ്ഗം നിലച്ചു. ഗൾഫിൽ നിന്ന് മടങ്ങിവന്ന 15 ലക്ഷം പേർ തിരിച്ചുപോകാൻ വഴികാണാതെ ജോലി നഷ്ടപ്പെടുമെന്ന ഭീതിയിലുമാണ്.

മോറട്ടോറിയം മാർച്ചിൽ അവസാനിച്ചതോടെ, വായ്പാതിരിച്ചടവ് മുടങ്ങിയവർക്ക് ബാങ്കുകൾ റിക്കവറി നോട്ടീസ് നൽകിത്തുടങ്ങി. നിത്യച്ചെലവിന് വകയില്ലാത്ത അവസ്ഥയിൽ തിരിച്ചടവ് അസാദ്ധ്യം. പലരും അറ്റകൈ പ്രയോഗിക്കുന്നു. കുടുംബം അനാഥമാകുന്നു.

കൊവിഡിന്റെ രണ്ട് തരംഗങ്ങൾ നേരിടാൻ 40,000 കോടിയുടെ പാക്കേജ് സർക്കാർ പ്രഖ്യാപിച്ചെങ്കിലും ആശ്വാസം ജനത്തിനെത്തിയില്ല. ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച കൊവിഡ് കരുതൽ പാക്കേജും കുറഞ്ഞ പലിശയിൽ വായ്പാപദ്ധതികളും ക്ഷേമാനുകൂല്യ നിർദ്ദേശങ്ങളും നടപ്പാക്കിയിട്ടുമില്ല.

ബിൽ കുടിശിക 15 ദിവസത്തിനകം അടച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുമെന്നാണ് ഗാർഹിക ഉപഭോക്താക്കൾക്ക് കെ.എസ്.ഇ.ബിയുടെ വക ഇരുട്ടടി. സപ്ലൈകോ പ്രവാസി സ്റ്റോർ അടക്കം നോർക്കയുടെ പ്രവാസിക്ഷേമ പദ്ധതികൾ ഉപേക്ഷിച്ചമട്ടാണ്.

ജീവനൊടുക്കിയവർ

 ലൈറ്റ് ആൻഡ് സൗണ്ട്സ് ഉടമ പാലക്കാട് വെണ്ണക്കരയിലെ പൊന്നുമണി

 അടിമാലി ഇരുമ്പുപാലത്ത് ബേക്കറി കടയുടമ വിനോദ്

 നന്തൻകോട്ട് സ്വർണപ്പണിക്കാരൻ മനോജ്, ഭാര്യ രഞ്ജു, മകൾ അമൃത

 വയനാട് അമ്പലവയലിൽ ബസുടമയായ പി.സി.രാജാമണി

 ഗൗരീശപട്ടത്ത് ലൈറ്റ് ആൻഡ് സൗണ്ട്സ് ഉടമ നിർമ്മൽചന്ദ്രൻ

 ഇടുക്കിയിലെ ഏലം കർഷകൻ സന്തോഷ്

 തൃശൂരിൽ ഡ്രൈവർ ശരത്, പിതാവ് ദാമോദരൻ

 തച്ചോട്ടുകാവിലെ സ്റ്റേഷനറിക്കടയുടമ വിജയകുമാർ

വേണ്ടത് ആശ്വാസനടപടികൾ

 ബാങ്കുകളുടെ യോഗംവിളിച്ച് മോറട്ടോറിയം ആവശ്യപ്പെടണം

 കൂടുതൽ വായ്പാസൗകര്യം, വായ്പാ പുനക്രമീകരണം വേണം

 പുനരുജ്ജീവനത്തിന് പ്രഖ്യാപിച്ച 1600 കോടി വായ്പ നടപ്പാക്കണം

 പ്രവാസി പുനരധിവാസത്തിനുള്ള 1000കോടി വായ്പ നൽകണം

 വിവിധ മേഖലകളിൽ സർക്കാ‌ർ തൊഴിൽ സൃഷ്ടിക്കണം

 എം.എസ്.എം.ഇ കൾക്ക് കൂടുതൽ വായ്പ അനുവദിക്കണം

"സാധാരണക്കാരുടെ കൈയിൽ പണമെത്തിയാലേ വിപണി ഉണരൂ. ടൂറിസം, വ്യാപാരമേഖലയിൽ രക്ഷാപാക്കേജ് വേണം. ബാങ്ക് റിക്കവറി ഇപ്പോൾ പാടില്ല."

- ഡോ.മേരി ജോർജ്ജ്,

സാമ്പത്തിക വിദഗ്ദ്ധ

' ലോക്ക്ഡൗൺ സൃഷ്ടിച്ച പ്രതിസന്ധിയിൽ ആത്മഹത്യ ചെയ്ത വ്യാപാരികളുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണം"

- ടി.നസിറുദ്ദീൻ

വ്യാപാരി വ്യവസായി ഏകോപന സമിതി

സംസ്ഥാന പ്രസിഡന്റ്

15 ലക്ഷം

ടൂറിസം, ഇവന്റ് മാനേജ്മെന്റ് മേഖലയിൽ ജോലിചെയ്തിരുന്നത്

34,000 കോടി

ടൂറിസം മേഖലയ്ക്കുണ്ടായ നഷ്ടം

25000കോടി

വ്യാപാരമേഖലയിലുണ്ടായ നഷ്ടം

Advertisement
Advertisement