തരംഗം ശമിച്ചില്ല : വീണ്ടും ആഞ്ഞടിക്കാൻ കൊവിഡ്

Friday 23 July 2021 12:00 AM IST

തിരുവനന്തപുരം : കൊവിഡ് രണ്ടാം തരംഗം ശമിച്ചെന്ന ആശ്വാസത്തിലിരിക്കെ, സംസ്ഥാനത്ത് രോഗവ്യാപനം വീണ്ടും കുതിച്ചുയരുന്നു. ഇന്നലെ 12.38 % രോഗവ്യാപനം റിപ്പോർട്ട് ചെയ്തതോടെ സ്ഥിതി കൂടുതൽ ആശങ്കാജനകമായി. 1,03,543സാമ്പിളുകളാണ് പരിശോധിച്ചത്.

37ദിവസത്തിന് ശേഷമാണ് സംസ്ഥാനത്ത് ടി.പി.ആർ 12 കടക്കുന്നത്. വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ സങ്കീർണമാകുമെന്ന മുന്നറിയിപ്പാണ് ആരോഗ്യവിദഗ്ധർ നൽകുന്നത്. ഇതേ മൂന്നാം തരംഗമല്ലെന്നും ,രണ്ടാം തരംഗം ശമിച്ചെന്ന തെറ്റിധാരണയിൽ ആൾക്കൂട്ടങ്ങളും പ്രതിരോധ പ്രവർത്തനങ്ങളിലെ ആലസ്യവുമാണ് പ്രശ്നമെന്നും വിലയിരുത്തപ്പെടുന്നു. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് കൂട്ടപ്പരിശോധന ഉൾപ്പെടെ നടത്താനിരിക്കെ ,കൂടുതൽ കേസുകൾ വരും ദിവസങ്ങളിലും ഉണ്ടാകും. രോഗവ്യാപനം കുറഞ്ഞിരുന്ന ജില്ലകളിലെല്ലാം കേസുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ട്. വടക്കൻ ജില്ലകളിൽ രോഗികൾ കുറഞ്ഞതോടെ പൂട്ടിയ വാർഡുകൾ വീണ്ടും തുറന്നു. തൃശൂർ,കോഴിക്കോട്,എറണാകുളം,മലപ്പുറം,പാലക്കാട് ജില്ലകളിൽ രോഗികൾ ആയിരത്തിന് മുകളിലാണ്.

നിലവിൽ 1,28,881 പേരാണ് ചികിത്സയിലും, 4,09,323പേർ നിരീക്ഷണത്തിലുമാണ്. വരും രോഗികളുടെ സമ്പർക്കപ്പട്ടികയനുസരിച്ച് പരിശോധന ക്രമീകരിച്ചാലോ വ്യാപനം തടയാനാകൂവെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. ഏപ്രിൽ 5ന് ശേഷമാണ് സംസ്ഥാനത്ത് രണ്ടാം തരംഗം തുടങ്ങിയത്.

'ഇളവുകൾക്കിടയിൽ നിയന്ത്രണങ്ങൾ പാലിക്കുന്നതിലെ വീഴ്ചയാണ് രോഗവ്യാപനത്തിന് കാരണം. സമ്പർക്കപ്പട്ടിക അടിസ്ഥാനമാക്കി പരിശോധന വ്യാപിപ്പിക്കണം. പരമാവധി പേരിലേയ്ക്ക് വാക്‌സിനെത്തിക്കാൻ വൈകുന്നത് അപകടമാണ്.'

- ഡോ.ഗോപികുമാർ

സെക്രട്ടറി, ഐ.എം.എ

Advertisement
Advertisement