കടക്കെണി: തച്ചോട്ടുകാവിൽ വ്യാപാരി ജീവനൊടുക്കി

Friday 23 July 2021 12:00 AM IST

മലയിൻകീഴ്: ലോക്ക് ഡൗണിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറിക്കടക്കാനാകാതെ സംസ്ഥാനത്ത് ഒരു വ്യാപാരി കൂടി ജീവനൊടുക്കി. തിരുവനന്തപുരം തച്ചോട്ടുകാവ് -മങ്കാട്ടുകടവ് പിടാരം ജംഗ്ഷനിൽ സ്റ്റേഷനറി കട നടത്തുന്ന വിളവൂർക്കൽ പെരുകാവ് തേവിക്കോണം പോങ്ങുവിള ശിവതം വീട്ടിൽ വിജയകുമാറിനെയാണ് (56) ഇന്നലെ രാവിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ പിൻവശത്ത് സൺഷെയ്ഡിന്റെ ഹൂക്കിൽ കുരുക്കിട്ട് ജീവനൊടുക്കുകയായിരുന്നു.

കടബാദ്ധ്യത വിവരിക്കുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. വീട് പണിയാനായി ലോണെടുത്തതും ആളുകളിൽ നിന്ന് കടം വാങ്ങിയതുമുൾപ്പെടെ 15 ലക്ഷത്തോളം രൂപയുടെ കടമുണ്ടെന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്. ഏഴ് മാസത്തെ കടവാടകയും ചിട്ടി വായ്‌പാ വിഹിതവും അടയ്‌ക്കാനായില്ല. കൊവിഡ് നിയന്ത്രണങ്ങൾ മൂലം കട തുറക്കാൻ സാധിക്കാത്തതിലെ മനോവിഷമത്തിലായിരുന്നു വിജയകുമാറെന്ന് ബന്ധുക്കൾ പറഞ്ഞു. ചെറുപ്പം മുതൽ പോളിയോ ബാധിച്ച് വലതുകാലിന് ശേഷികുറവുണ്ടായിരുന്ന വിജയകുമാറിന്റെ ഏക ഉപജീവനമാർഗമായിരുന്നു സ്റ്റേഷനറി കട. മരിക്കുന്നതിന് രണ്ടുദിവസം മുൻപേ സാമ്പത്തിക ബാദ്ധ്യതയുടെ ബുദ്ധിമുട്ടുകൾ സഹോദരൻ ഹരികുമാറുമായി സംസാരിച്ചിരുന്നു. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന ഭാര്യ ശ്രീലേഖ അടുത്തിടെ കൊവി‌‌ഡ് പിടിപെട്ട് അവശതയിലായതോടെ പിന്നീട് ജോലിക്ക് പോകാനായില്ല. രണ്ടാം വർഷ എൽ.എൽ.ബി വിദ്യാർത്ഥിനി മീനാക്ഷി ഏക മകളാണ്. മലയിൻകീഴ് പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.