സംസ്ഥാനത്ത് എന്ത് കൊള്ളയും നടത്താമെന്ന സ്ഥിതി: വി.ഡി.സതീശൻ

Friday 23 July 2021 12:00 AM IST

തിരുവനന്തപുരം: രണ്ട് മാസം കൊണ്ട് ഏറ്റവുമധികം വിവാദത്തിൽപെട്ട സർക്കാരാണിതെന്ന് നിയമസഭയിൽ ധനാഭ്യർത്ഥനയെ എതിർത്തുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സർക്കാർ തൊടുന്നതെല്ലാം വിവാദമാവുകയാണ്. അനുകൂലമായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നതിനുപകരം ധാർഷ്ഠ്യത്തോടെയും ധിക്കാരത്തോടെയും എന്തും ചെയ്യുന്നു. എന്ത് കൊള്ളയും നടത്താമെന്ന സ്ഥിതിയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുമ്പോൾ സർക്കാർ നൽകുന്ന സന്ദേശമെന്താണ്. വാളയാറിലെ കറുത്ത പാടുകൾ ഈ സർക്കാരിന്റെ മുഖത്ത് ഇപ്പോഴുമുണ്ട്. വനിത കമ്മിഷന്റെ വിശ്വാസ്യതയെ പോലും തകർത്ത് തരിപ്പണമാക്കി. സ്ത്രീപീഡന കേസുകൾ പൂഴ്ത്തിവയ്ക്കാൻ പൊലീസ് സ്റ്റേഷനുകളിൽ കോൾഡ് സ്‌റ്റോറേജ് ആരംഭിക്കേണ്ട അവസ്ഥയായി.

സംസ്ഥാനത്ത് ക്രിമിനലുകൾ കൊടികുത്തി വാഴുകയാണ്. ടി.പി വധക്കേസിലെ പ്രതികൾ ജയിലിലിരുന്ന് പുറത്തെ ക്രിമിനൽ സംഘങ്ങളെ ഉപയോഗിച്ച് കേരളത്തെ നിയന്ത്രിക്കുന്നു. നിയമസഭ കൈയാങ്കളി കേസിൽ സുപ്രീംകോടതിയുടെ വായിൽ ഇരിക്കുന്നതു മുഴുവൻ കേട്ടു.

ലോകത്ത് കൊവിഡ് കുറവുള്ള സംസ്ഥാനമാണെന്നാണ് ആദ്യം പറഞ്ഞത്. ഇപ്പോൾ അങ്ങനെയാണോ. ഇതുവരെ യഥാർത്ഥ മരണക്കണക്ക് സർക്കാർ പുറത്തുവിട്ടോ. ഡിസംബർ മുതൽ ജൂലായ് വരെ മരിച്ചവരുടെ പേര് എന്തിനാണ് ഒളിച്ചുവച്ചത്? കൊവിഡിനെകുറിച്ച് പറയുമ്പോൾ പോളണ്ടിനെ കുറിച്ച് പറയരുതെന്ന നിലപാടിലാണ് സർക്കാർ. സംസ്ഥാനത്ത് 493 റാങ്ക് ലിസ്റ്റുകൾ ആഗസ്റ്റ് നാലിന് റദ്ദാകും. പുതിയ റാങ്ക് ലിസ്റ്റ് വരുന്നത് വരെ പഴയത് നീട്ടി നൽകണമെന്നും സതീശൻ ആവശ്യപ്പെട്ടു.