സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു. ഡോ.ജമീല വിദഗ്ദ്ധാംഗം

Thursday 22 July 2021 10:56 PM IST

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മുൻ ഡയറക്ടറും ആർദ്രം മിഷൻ മുൻ കൺസൾട്ടന്റുമായ ഡോ.പി.കെ. ജമീല ഉൾപ്പെടെ നാല് വിദഗ്ദ്ധാംഗങ്ങളെയും സഞ്ചാര പരിപാടിയിലൂടെ പ്രശസ്തനായ സന്തോഷ് ജോർജ്ജ് കുളങ്ങര അടക്കം മൂന്ന് പാർട്ട് ടൈം വിദഗ്ദ്ധാംഗങ്ങളെയും ഉൾപ്പെടുത്തി സംസ്ഥാന ആസൂത്രണ ബോർഡ് പുന:സംഘടിപ്പിച്ചു. മുൻ മന്ത്രി എ.കെ.ബാലന്റെ ഭാര്യയും പരേതനായ മുൻ എം.പി പി.കെ. കുഞ്ഞച്ചന്റെ മകളുമാണ് ഡോ.ജമീല.

പ്രൊഫ.വി.കെ.രാമചന്ദ്രൻ വൈസ് ചെയർമാൻ സ്ഥാനത്ത് തുടരും. മുഖ്യമന്ത്രി പിണറായി വിജയൻ ചെയർമാനായുള്ള ബോർഡിൽ ഔദ്യോഗിക അംഗങ്ങളായി മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, കെ.രാജൻ, റോഷി അഗസ്റ്റിൻ, കെ.കൃഷ്ണൻകുട്ടി, എ.കെ.ശശീന്ദ്രൻ, ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ എന്നിവരെ നിശ്ചയിച്ചു.

കാലിക്കറ്റ് സർവകലാശാലാ വിമെൻസ് സ്റ്റഡീസ് മേധാവി പ്രൊഫ. മിനി സുകുമാർ, കേരള കാർഷിക സർവകലാശാലയിലെ പ്രൊഫ. ജിജു പി. അലക്‌സ്, നിലവിലെ ബോർഡംഗം ഡോ. കെ. രവിരാമൻ എന്നിവരും വിദഗ്ദ്ധാംഗങ്ങളാണ്. മുംബയ് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിലെ സ്കൂൾ ഒഫ് ഡെവലപ്മെന്റ് സ്റ്റഡീസ് അദ്ധ്യാപകൻ പ്രൊഫ.ആർ.രാമകുമാർ, വി.നമശിവായം എന്നിവരാണ് മറ്റു രണ്ട് പാർട്ട് ടൈം വിദഗ്ദ്ധാംഗങ്ങൾ.

ചീഫ് സെക്രട്ടറിയും ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറിയും സ്ഥിരം ക്ഷണിതാക്കളാവും. ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി മെമ്പർ സെക്രട്ടറിയാണ്.

പ്രൊഫ. രാമചന്ദ്രന് പുറമേ, ജോ.ജമീല, പ്രൊഫ. മിനി സുകുമാർ, പ്രൊഫ.ജിജു പി. അലക്സ്, പ്രൊഫ. രാമകുമാർ എന്നിവർ സി.പി.എം നോമിനികളാണ്. ഡോ.രവിരാമനും നമശിവായവും സി.പി.ഐയുടെയും, സന്തോഷ് കേരള കോൺഗ്രസ്-എമ്മിന്റെയും നോമിനികളും.

Advertisement
Advertisement