കോഴിക്കച്ചവടം പൊടിപൊടിച്ചു: കൊള്ള ലാഭം നേടി തമിഴ്നാട് ലോബി; നഷ്ടക്കയത്തിൽ കർഷകർ

Friday 23 July 2021 12:00 AM IST

മലപ്പുറം: പെരുന്നാൾ സീസണിലെ ബ്രോയിലർ കോഴി കച്ചവടത്തിലൂടെ തമിഴ്നാട് ലോബി നേടിയത് കൊള്ള ലാഭം. മികച്ച വില ലഭിച്ചിട്ടും ജില്ലയിലെ കോഴി കർഷകർക്ക് അവസരം പ്രയോജനപ്പെടുത്താനായില്ല. പെരുന്നാളിന്റെ തലേദിവസം ഫാമുകളിൽ നിന്ന് കിലോയ്ക്ക് 110 മുതൽ 120 രൂപ വരെ നൽകിയാണ് മൊത്തകച്ചവടക്കാർ കോഴികളെ വാങ്ങിയത്. വിപണിയിൽ 140 - 145 രൂപ നിരക്കിലായിരുന്നു കച്ചവടം. ഒരുകിലോ ഇറച്ചിക്ക് 240- 250 രൂപയും.

ഫാമുകളിൽ കോഴിയുടെ ലഭ്യത കുറയുകയും ആവശ്യക്കാർ കൂടുകയും ചെയ്തതോടെ സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് മൊത്തകച്ചവടക്കാർ ഫാമുകളിൽ നിന്ന് കോഴികളെ വാങ്ങിയത്. ചില്ലറ കച്ചവടക്കാർ പലയിടങ്ങളിലും തോന്നിയ വില ഈടാക്കി.

ജില്ലയിലെ ഫാമുകളിൽ നല്ലൊരു പങ്കും തമിഴ്‌നാട്ടിലെ വൻകിടക്കാരുടെ കരാർ വളർത്തൽ കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. കൊവിഡിന്റെ രണ്ടാംതംരഗത്തിന് പിന്നാലെ ലോക്ക് ഡൗൺ കർശനമാക്കിയതോടെ മാർച്ച്,​ ഏപ്രിൽ മാസങ്ങളിൽ കോഴിവില കുത്തനെ ഇടിഞ്ഞിരുന്നു. കനത്ത നഷ്ടം നേരിട്ട ജില്ലയിലെ കോഴി കർഷകർ കരാർ വളർത്തലിലേക്ക് തിരിഞ്ഞു. ഇതോടെ പെരുന്നാൾ വിപണി പൂർണ്ണമായും തമിഴ്നാട് ലോബിയുടെ നിയന്ത്രണത്തിലായി. ജില്ലയിലെ കർഷകരുടെ ഫാമുകൾ സജീവമായി നിൽക്കുമ്പോൾ സീസൺ സമയങ്ങളിലും ഒരുപരിധിക്കപ്പുറം വില വർദ്ധിപ്പിക്കാൻ തമിഴ്നാട് ലോബിക്കായിരുന്നില്ല. അതേസമയം കർഷകർക്ക് ന്യായമായ ലാഭം ഉറപ്പാക്കാനുമായിരുന്നു.

നഷ്ടക്കയത്തിൽ മൂക്കുകുത്തി

മാർച്ചിൽ 45 രൂപയ്ക്കാണ് മൊത്തകച്ചവടക്കാർ ഫാമുകളിൽ നിന്ന് കോഴി വാങ്ങിയിരുന്നത്. 60 മുതൽ 70 രൂപയ്ക്കുള്ളിൽ ചില്ലറ വിപണിയിലും കോഴി ലഭ്യമായി. ഒരുകോഴിക്കുഞ്ഞിന് 35 രൂപ നൽകി 45 ദിവസം വളർത്തി വിറ്റപ്പോൾ ഫാമുകൾക്ക് ലക്ഷങ്ങളുടെ കടബാദ്ധ്യതയായിരുന്നു മിച്ചം. 35-40 ദിവസം കൊണ്ട് 3.5 കിലോഗ്രാം തീറ്റ വേണം ഒരു കോഴിക്ക്. തീറ്റയ്ക്ക് മാത്രം 100 രൂപയിലധികം ചെലവാകും. കോഴികൾക്കുള്ള മരുന്നും വൈദ്യുതിച്ചെലവും ഫാമുകളുടെ വാടകയും കൂലിച്ചെലവുമടക്കം 3,​000 കോഴികളെ വളർത്തുന്ന ഒരുഫാമിന് മാത്രം അഞ്ച് ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായി. ഇതോടെ മേയ്,​ ജൂൺ മാസങ്ങളിൽ ജില്ലയിലെ മിക്ക ഫാമുകളിലും കോഴിക്കുഞ്ഞുങ്ങളെ ഇറക്കിയിരുന്നില്ല. ഒഴിഞ്ഞു കിടന്ന ഫാമുകളിൽ തമിഴ്നാട്ടിൽ നിന്നുള്ള വമ്പൻ കമ്പനികൾ കരാർ അടിസ്ഥാനത്തിൽ കോഴികളെ വളർത്തുകയാണിപ്പോൾ. ഒരുകിലോയ്ക്ക് ആറ് രൂപയെന്ന നിലയിലാണ് കർഷകർക്ക് വളർത്തുകൂലി നൽകുന്നത്.

Advertisement
Advertisement