സയൻസ് പഠിക്കാത്തവർ പടിക്ക് പുറത്ത്; പി.എസ്‌സി വിജ്ഞാപനം നഴ്സുമാർക്ക് ഇരുട്ടടി

Friday 23 July 2021 12:00 AM IST

കൊച്ചി: പ്ലസ് ടുവിന് സയൻസ് പഠിക്കാത്ത നഴ്‌സുമാരെ പടിക്കു പുറത്താക്കി പി.എസ്‌സി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ നഴ്‌സ് ഗ്രേഡ് 2 നിയമനത്തിനുള്ള വിജ്ഞാപനത്തിലാണ് സയൻസ് നിർബന്ധമാക്കിയത്.

14ന് പ്രസിദ്ധീകരിച്ച വിജ്ഞാപനം അനുസരിച്ച് ബി.എസ്‌സി നഴ്‌സുമാർക്കും ജനറൽ നഴ്‌സുമാർക്കും കേരള ആരോഗ്യവകുപ്പിൽ സ്റ്റാഫ് നഴ്‌സ് നിയമനത്തിനായുള്ള അപേക്ഷ നൽകാം. എന്നാൽ ഉദ്യോഗാർഥികൾ പ്ലസ്ടുവോ, പ്രീഡിഗ്രിയോ, വി.എച്ച്.സി.ഇയോ പാസ് ആയിരിക്കണം. സയൻസ് വിഷയങ്ങൾ പഠിച്ചിരിക്കണം എന്ന് നിഷ്‌കർഷിക്കുമ്പോൾ തന്നെ ബയോളജി വേണമെന്ന് നിർബന്ധമില്ല. കമ്പ്യൂട്ടർ സയൻസ് പഠിച്ചവർക്കും അപേക്ഷിക്കാം. സംസ്ഥാനത്തെ ജനറൽ നഴ്‌സിംഗ് പഠിച്ച ഭൂരിപക്ഷം പേരും പ്ലസ്ടുവിന് സയൻസ് ഇതര വിഷയങ്ങൾ പഠിച്ചവരാണ്. ഇവർക്ക് കേരള നഴ്‌സിംഗ് കൗൺസിലിന്റെ രജിസ്‌ട്രേഷനും ഉണ്ട്. എന്നിട്ടുപോലും പി.എസ്‌സി വിജ്ഞാപനം വന്നപ്പോൾ പ്ലസ് ടുവിന് സയൻസ് പഠിക്കാത്തവർ പുറത്തായി.


നിലവിൽ ഇന്ത്യയിൽ ജനറൽ നഴ്‌സിംഗ് കോഴ്‌സ് പഠിക്കാൻ പ്ലസ് ടു സയൻസ് നിർബന്ധമില്ല. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ താത്ക്കാലിക ജീവനക്കാരായി പ്ലസ് ടു സയൻസ് പഠിക്കാത്ത നഴ്‌സുമാരെ നിയമിക്കാറുണ്ട്. സ്ഥിര നിയമനത്തിന്റെ ഘട്ടം വരുമ്പോൾ സയൻസ് നിർബന്ധമാക്കുകയും ചെയ്യും. ഇതുവഴി നിരവധി ആളുകൾക്കാണ് അവസരം നഷ്ടമാകുന്നതെന്ന് കേരള നഴ്‌സസ് യൂണിയൻ പറയുന്നു.

 സർക്കാർ ജോലി സ്വപ്നം കണ്ട് നിരവധിയാളുകൾ പി.എസ്‌സി കോച്ചിംഗിനായി പോകുന്നുണ്ട്. ഇവർക്ക് ഇതു ഇരുട്ടടിയാണ്. ഞാൻ നഴ്സിംഗ് കൗൺസിൽ അംഗമായിരുന്നപ്പോൾ സയൻസ് ഇതര വിഷയം പഠിച്ചവരെ പി.എസ്‌സിയിൽ ഉൾപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് കത്തു നൽകിയിരുന്നു. കൗൺസിൽ അംഗീകാരം ലഭിക്കുന്നവർക്ക് പി.എസ്‌സി എഴുതാനുള്ള അനുമതി നൽകണം.

ഒ.എസ് ഓമന, സംസ്ഥാന പ്രസിഡന്റ്,

കേരള നഴ്‌സസ് യൂണിയൻ

Advertisement
Advertisement