ടോക്യോയിൽ ടോക്കാകാൻ

Friday 23 July 2021 1:23 AM IST

ലോക കായിക പ്രേമികളെ ആവേശത്തിൽ ആറാടിക്കാൻ ഏറ്രവും മികച്ച താരങ്ങൾ ടോക്യയോയിലും നിറഞ്ഞാടും. കൊവിഡിന്റെ പശ്ചാത്തലത്തിൽ ചില പ്രമുഖതാരങ്ങൾ പിന്മാറിയെങ്കിലും അതൊന്നും ഒളിമ്പിക്സിന്റെ മാറ്ര് കുറയ്ക്കില്ലെന്നാണ് പ്രതീക്ഷ. 2008ൽ ബെയ്ജിംഗിലെ കിളിക്കൂട് സ്റ്രേഡിയത്തിൽ നിന്ന് ചിറകടിച്ചുയർന്ന ഉസൈൻ ബോൾട്ടെന്ന ഇതിഹാസം ട്രാക്ക് വിട്ടതിന് ശേഷം നടക്കുന്ന ആദ്യ ഒളിമ്പിക്സ് എന്ന പ്രത്യേകതയും ഇത്തവണത്തെ മാമാങ്കത്തിനുണ്ട്. ബോൾട്ടിന് ചേർന്നൊരു പിൻഗാമി ടോക്യോയിലെ മൈതാനത്ത് ഉദയംചെയ്യുമോയെന്ന് ആകാംഷയോടെ കാത്തിരിക്കുകയാണ് കായിക ലോകം. ഇത്തവണ പോരാട്ടത്തിനിറങ്ങുന്ന പ്രമുഖരെകുറിച്ച്...

സിമോൺ ബിൽസ് (ജീംനാസ്റ്രിക്സ്)

2016 റിലേ റിയോ ഒളിമ്പിക്സിന്റെ കണ്ടെത്തലാണ് ജിംനാസ്റ്രിക്കിലെ മിന്നും താരമായ അമേരിക്കയുടെ സിമോണ ബിൽസ്. അവിടെ നാല് സ്വർണവും ഒരുവെങ്കലവും നേടി ഇതിഹാസങ്ങളുടെ നിരയിലെത്തി ബിൽസ്. ലോക ചാമ്പ്യൻഷിപ്പുകളിൽ നിന്ന് ഇതുവരെ 19 സ്വർണം ഈ ഇരുപത്തിനാലുകാരി നേടിയിട്ടുണ്ട്. .

കേലിബ് ഡ്രസ്സൽ (നീന്തൽ)

നീന്തലിൽ മൈക്കേൽ ഫെൽപ്സിന്റെ പിൻഗാമിയെന്നാണ് നാട്ടുകാരനും സുഹൃത്തും കൂടിയായ കേലിബ് ഡ്രസ്സലിന്റെ വിശേഷണം. ഇത്തവണ നീന്തൽക്കുളത്തിൽ സ്വർണമീനാകും ഡ്രസ്സൽ എന്നാണ്േ വിലയിരുത്തൽ.റിയോയിൽ രണ്ട് റിലേ സ്വർണങ്ങളിലാണ് ഡ്രസ്സൽ പങ്കാളിയായത്. ലോകചാമ്പ്യൻഷിപ്പിൽ പത്തിലധികം സ്വർണം നേടിയിട്ടുണ്ട്.

അലിസൺ ഫെലിക്സ് (അത്‌ലറ്രിക്സ്)

അഞ്ചാം ഒളിമ്പിക്സിനായിട്ടാണ് അമേരിക്കൻ താരം അലിസൺ ഫെലിക്സ് ടോക്കിയോയിൽ എത്തിയിരിക്കുന്നത്. അമ്മയായതിന് ശേഷമുള്ള ആദ്യ ഒളിമ്പിക്സിനാണ് മുപ്പത്തിയഞ്ചുകാരായായ ഫെലിക്സ് ഒരുങ്ങുന്നത്. 2012 ഒളിമ്പിക്സിൽ 200 മീറ്ററിൽ സ്വർണം നേടിയ ഫെലിക്സ് റിലേ ടീമുകൾക്കൊപ്പം വിവിധ ഒളിമ്പിക്സുകളിലായി അഞ്ച് സ്വർണ നേട്ടങ്ങൾ കൂടി സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് വെള്ളികളും സ്വന്തമാക്കിയിട്ടുള്ള ഫെലിക്സ് ഒളിമ്പിക്സ് ചരിത്രത്തിലെ തന്നെ ഏറ്രവും മികച്ച താരങ്ങളിൽ ഒരാളാണ്.

ഷെല്ലിആൻ ഫ്രേസർ (സ്‌പ്രിന്റ്)

മൂന്ന് ഒളിമ്പിക്സികളിൽ നൂറ് മീറ്ററിൽ സ്വർണം നേടിയ ആദ്യ വനിതാ താരമെന്ന റെക്കാഡ് ലക്ഷ്യമിട്ടാണ് ജമൈക്കൻ താരം ഷെല്ലിആൻഫ്രേസർ ടോക്യോയിൽ ട്രാക്കിലിറങ്ങുന്നത്. ലേഡി ബോൾട്ട് എന്ന് തന്നെ വിശേഷിപ്പിക്കാം ഷെല്ലിയെ. 2008, 2012 ഒളിമ്പിക്സുകളിൽ നൂറ് മീറ്ററിൽ ഷെല്ലിക്കായിരുന്നു സ്വർണം. മൂന്ന് വെള്ളിയും ഒരു വെങ്കലവും ഒളിമ്പിക്സിൽ ഷെല്ലി സ്വന്തമാക്കിയിട്ടുണ്ട്. ലോകചാമ്പ്യൻഷിപ്പിൽ 9 സ്വർണം റോക്കറ്റ് മമ്മിയെന്ന് വിളിക്കുന്ന ഷെല്ലിയുടെ ഷെൽഫിലുണ്ട്.
ജൂണിൽ 100, 200 മീറ്ററുകളിൽ വ്യക്തിഗത സമയം മെച്ചപ്പെടുത്തിയ ആത്മവിശ്വാസവുമായാണ് 34 കാരിയായ ഷെല്ലി ടോക്യോയിൽ ചരിത്രമെഴുതാനെത്തുന്നത്. ലോകത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ വനിതയായ ഷെല്ലി 100,200 മീറ്രറുകളിലും 4-100 മീറ്റർ റിലേയിലും ആണ് മത്സരിക്കാനിറങ്ങുന്നത്.

എല്യൂദ് കിപ്ചൊഗെ (മാരത്തൺ)

രണ്ട് കിലോമീറ്ററിൽ താഴെ സമയത്തിൽ മാരത്തൺ മത്സരം പൂർത്തയാക്കിയ ഏകതാരമാണ് കെനിയയുടെ എല്യൂദ് കിപ്‌ചൊഗെ. റിയോയിൽ മാരത്തണിൽ കിപ്ചൊഗെയ്ക്കക്കായിരുന്നു സ്വർണം.2008ൽ 5000 മീറ്രറിൽ വെള്ളിയും 2004ൽ ഇതേയിനത്തിൽ വെങ്കലവും നേടി

നോഹ ലൈലസ് (200 മീറ്രർ)​

ബോൾട്ടിന്റെ അഭാവത്തിൽ 200 മീറ്രറിൽ അമേരിക്കയുടെ ഉറച്ച മെഡൽ പ്രതീക്ഷയാണ് നോഹ ലൈലസ്. 200 മീറ്രറിൽ നിലവിലെ ലോകചാമ്പ്യനാണ് 24 കാരനായ നോഹ. 2019ലെ ദോഹ ലോക ചാമ്പ്യൻഷിപ്പിൽ 19.83 സെക്കൻഡിലാണ് നോഹ 200 മീറ്രറിൽ ഒന്നാമനായി ഫിനിഷ് ലൈൻ തൊട്ടത്.

Advertisement
Advertisement