ഉത്തരവാദിത്ത വ്യവസായം പ്രധാന ലക്ഷ്യം: മന്ത്രി രാജീവ്

Friday 23 July 2021 1:25 AM IST

തിരുവനന്തപുരം : ഉത്തരവാദിത്ത വ്യവസായമെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ വ്യവസായികളെ ആകർഷിക്കുന്നതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ഭക്ഷ്യ സംസ്‌കരണ മേഖലയിൽ മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് വ്യവസായ വകുപ്പ് ഇന്നലെ ആരംഭിച്ച ദ്വിദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ വ്യാവസായിക വികസനത്തിന്റെ പ്രധാന മേഖലയാണ് ഭക്ഷ്യസംസ്‌കരണം. വിവിധ ഭാഗങ്ങളിൽ വ്യവസായ പാർക്കുകൾ സജ്ജീകരിച്ചുവരുന്നു. കിൻഫ്ര, കെ.എസ്.ഐ.ഡി.സി, കെബിപ്പ് എന്നിവയിലൂടെ വ്യാവസായിക പ്രോത്സാഹന പദ്ധതികളാരംഭിക്കും. ഭക്ഷ്യസംസ്‌കരണ മേഖല വികസിപ്പിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ആർ.ചന്ദ്രബാബു,കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ എം.ജി. രാജമാണിക്യം തുടങ്ങിയവർ സംസാരിച്ചു. വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ എസ്.ഹരികിഷോർ സ്വാഗതവും, കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ് നന്ദിയും പറഞ്ഞു.

സെമിനാറിൽ സെൻട്രൽ ട്യൂബർ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫുഡ് പ്രോസസ്സിംഗ് ടെക്‌നോളജി, അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി, സെൻട്രൽ ഫുഡ് ടെക്‌നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, സ്‌പൈസസ് ബോർഡ്, ഡിഫൻസ് ഫുഡ് റിസർച്ച് ലബോറട്ടറി, നാഷണൽ ഡെയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, വെറ്ററിനറി യൂണിവേഴ്സിറ്റി, ഗ്ലോബൽ അഗ്രി സിസ്റ്റം തുടങ്ങിയ സ്ഥാപനങ്ങളിലെ വിദഗ്ദ്ധർ പങ്കെടുക്കുന്നുണ്ട്.

Advertisement
Advertisement