ന്യൂനപക്ഷ സ്കോളർഷിപ്പ്: ഭിന്നതയില്ലെന്ന് യു.ഡി.എഫ്

Friday 23 July 2021 1:54 AM IST

 യോജിച്ച് നീങ്ങാൻ ധാരണ

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ യോജിച്ച് നീങ്ങാൻ യു.ഡി.എഫ് നേതൃതലത്തിൽ ധാരണ. സച്ചാർ കമ്മിറ്റിയുടെ അന്തസ്സത്ത ചോർന്നുപോകാതെ മുസ്ലിം സമുദായത്തിന് കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ ഉറപ്പാക്കണമെന്നും ക്രിസ്ത്യൻ ന്യൂനപക്ഷത്തിനായി പ്രത്യേക പദ്ധതി വേണമെന്നും ആവശ്യപ്പെടും. നിയമസഭയിലടക്കം ഇതിൽ ഒരേ സ്വരത്തിൽ നീങ്ങും.

ഇന്നലെ യു.ഡി.എഫ് നിയമസഭാ കക്ഷി യോഗം ചേരുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം വൈകിട്ട് കോൺഗ്രസ് നേതാക്കൾ ഇന്ദിരാഭവനിൽ യോഗം ചേർന്ന് പാർട്ടി നിലപാടിൽ വ്യക്തത വരുത്തി. ക്രിസ്ത്യൻ ന്യൂനപക്ഷത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാൻ നിയുക്തമായ ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷന്റെ റിപ്പോർട്ട് വരുന്ന മുറയ്ക്ക് പ്രത്യേക പദ്ധതി ആവിഷ്കരിക്കണമെന്നും സച്ചാർസമിതിയുടെ അടിസ്ഥാനത്തിലുള്ള പ്രത്യേക പദ്ധതി മുസ്ലിങ്ങൾക്ക് ഉണ്ടാകണമെന്നും ആവശ്യപ്പെടാനാണ് തീരുമാനിച്ചത്. യോഗത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം. ഹസൻ, കെ.സി. ജോസഫ് എന്നിവർ പങ്കെടുത്തു.

തന്റെ കോട്ടയത്തെ പ്രസ്താവന മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലായെന്ന് ഇന്നലെ രാവിലെ നിയമസഭ സമ്മേളനത്തിന് മുന്നോടിയായി കന്റോൺമെന്റ് ഹൗസിൽ ചേർന്ന യു.ഡി.എഫ് നിയമസഭാ കക്ഷിയോഗത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വിശദീകരിച്ചു. സർക്കാർ തീരുമാനത്തെ ഭാഗികമായി സ്വാഗതം ചെയ്യുന്നുവെന്ന് താൻ പറഞ്ഞതിൽ ഭാഗികമായി എന്ന ഭാഗം വിട്ടുകളഞ്ഞാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അതാണ് വിവാദമുണ്ടാക്കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആനുകൂല്യം നൽകുന്നതിനല്ല മുസ്ലിംലീഗ് എതിര് നിൽക്കുന്നതെന്നും സച്ചാർകമ്മിറ്റിയുടെ അടിസ്ഥാനത്തിൽ നിർദ്ദേശിക്കപ്പെട്ട ആനുകൂല്യങ്ങൾ തഴയപ്പെടുന്നതിലാണ് പ്രതിഷേധമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് ഉണ്ടായിരുന്നത് പരിഹരിച്ചുവെന്ന് യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. യു.ഡി.എഫിൽ പ്രശ്നമില്ലെന്നും ഒറ്റക്കെട്ടാണെന്നും കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.