തീരദേശ പരിപാലന പ്ളാൻ സെപ്തം. 30ന് കേന്ദ്രത്തിന് സമർപ്പിക്കും

Friday 23 July 2021 2:06 AM IST

തിരുവനന്തപുരം: തീരദേശ പരിപാലന നിയമത്തിൽ കേന്ദ്രസർക്കാർ രണ്ടുവർഷം മുമ്പ് വരുത്തിയ ഭേദഗതികൾക്കനുസരിച്ച് സംസ്ഥാനത്ത് നടപ്പാക്കേണ്ട തീരദേശ പരിപാലന പ്ളാൻ സെപ്തംബർ 30ന് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കേന്ദ്രപരിസ്ഥിതി വനം കാലാവസ്ഥാവ്യതിയാന മന്ത്രാലയം അതംഗീകരിക്കുന്ന മുറയ്ക്ക് വിജ്ഞാപനത്തിലെ ഇളവുകൾ സംസ്ഥാനത്ത് ബാധകമാകുമെന്ന് എം.രാജഗോപാലിന്റെ സബ്മിഷന് നൽകിയ മറുപടിയിൽ അദ്ദേഹം അറിയിച്ചു.

കേന്ദ്രനിയമഭേദഗതിയനുസരിച്ച് സംസ്ഥാന പ്ളാനിന്റെ കരട് തീരദേശ പരിപാലന പ്ലാൻ
തിരുവനന്തപുരത്തെ ഭൗമശാസ്ത്ര പഠന കേന്ദ്രം തയ്യാറാക്കിയിട്ടുണ്ട്.ഇത് പരിശോധിച്ച് അപാകതകൾ പരിഹരിക്കുന്നതിന് പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും ഈ രംഗത്തെ വിദഗ്ധരായ പി.ഇസഡ്. തോമസ്, പി.ബി. സഹസ്രനാമൻ എന്നിവരുൾപ്പെട്ട സമിതി രൂപീകരിച്ചു.പൊക്കാളി നിലങ്ങൾ ഉൾപ്പെടെയുള്ള വയലുകളെല്ലാം നെൽവയൽ നീർത്തട സംരക്ഷണ നിയമത്തിലൂടെ സംരക്ഷിക്കുന്ന നില തുടരണമെന്നാണ് സർക്കാർ നിലപാട്. 2019ലെ നോട്ടിഫിക്കേഷൻ പ്രകാരം സ്വകാര്യ മേഖലയിലെ കണ്ടലുകൾ ബഫർ സോൺ പരിധിയിൽപ്പെടുന്നില്ലെന്നും.മുഖ്യമന്ത്രി പറഞ്ഞു.

Advertisement
Advertisement