ന്യൂനപക്ഷ സ്കോളർഷിപ്പ്: സുപ്രീം കോടതിയിൽ സർക്കാർ അപ്പീൽ നൽകും

Friday 23 July 2021 2:46 AM IST

സംസ്ഥാന സർക്കാരിന് തീരുമാനിക്കാനാവില്ലെന്ന ഹൈക്കോടതി വിധിയെയാണ് ചോദ്യം ചെയ്യുക

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാനാവില്ലെന്ന ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കാൻ നടപടിയെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ധനാഭ്യർത്ഥന ചർച്ചകൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ഹൈക്കോടതി പരാമർശം നിയമപ്രശ്നമായതിനാൽ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യാനാണ് മുതിർന്ന അഭിഭാഷകൻ പരാശരനിൽ നിന്ന് സർക്കാരിന് ലഭിച്ച നിയമോപദേശം. ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് വിവാദം ഉയരേണ്ടതില്ല. 80: 20 അനുപാതം ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടപ്പോൾ, സർക്കാർ തീരുമാനത്തിനെതിരായ വിധിയാണുണ്ടായത്. അതിന്റെ അടിസ്ഥാനത്തിൽ വിളിച്ച സർവകക്ഷി യോഗത്തിൽ, പൊതുവികാരം കണക്കിലെടുത്തുള്ള തീരുമാനമുണ്ടാകണമെന്നും, അതിന്റെ പേരിൽ സ്പർദ്ധയോ വിദ്വേഷമോ പാടില്ലെന്നും ധാരണയായി. അങ്ങനെയാണ് നിലവിൽ കിട്ടുന്നവരുടെ ആനുകൂല്യങ്ങളിൽ കുറവൊന്നും വരുത്താതെ, ജനസംഖ്യാനുപാതികമായി ആനുകൂല്യം തീരുമാനിച്ചത്. വിധിയുടെ ഒരു ഭാഗം പരാതിയില്ലാതെ പരിഹരിച്ചു. ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ വർഗീയസ്പർദ്ധ ഉയർത്തുന്നതൊന്നും സംഭവിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലപാട് മാറ്റിയിട്ടില്ല:

വി.ഡി. സതീശൻ

ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ മൂന്ന് തവണ സംസാരിച്ചപ്പോഴും ഒരേ അഭിപ്രായമാണ് താൻ പറഞ്ഞതെന്നും, ഒരിക്കലും മാറ്റിപ്പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സഭയിൽ

വ്യക്തമാക്കി.

സർക്കാർ തീരുമാനത്തെ പ്രതിപക്ഷം ഭാഗികമായി സ്വാഗതം ചെയ്യുന്നു. ഭാഗികമായെന്ന വാക്ക് ഒഴിവാക്കിയാണ് ചിലർ വിവാദമുണ്ടാക്കാൻ ശ്രമിച്ചത്. വിഷയത്തിൽ യു.ഡി.എഫിൽ ഒരേഅഭിപ്രായമാണുള്ളത്. എൽ.ഡി.എഫിൽ അങ്ങനെയായിരുന്നില്ല. അപ്പീൽ പോകണമെന്ന് ഐ.എൻ.എൽ ആവശ്യപ്പെട്ടപ്പോൾ,​ കോടതി വിധി നടപ്പാക്കണമെന്നാണ് കേരള കോൺഗ്രസ് ആവശ്യപ്പെട്ടത്. സി.പി.എമ്മിനും സി.പി.ഐക്കും അഭിപ്രായം പോലുമില്ലായിരുന്നു. സച്ചാർ, പാലൊളി കമ്മിറ്റികളുടേത് ഒരേ ശുപാർശകളാണ്. അതൊരു പ്രത്യേക സ്കീമാക്കണം. ഇതൊരു വലിയ തുകയുടെ സ്കോളർഷിപ്പ് സ്കീമല്ല. ഏറ്റവും വലിയ തുക ലഭിക്കുന്ന 17000 പ്രീ മെട്രിക് സ്‌കോളർഷിപ്പുകൾ സർക്കാർ സംസ്ഥാനത്തിന് നഷ്ടമാക്കി. ഇതൊരിക്കൽ നടപ്പാക്കിയില്ലെങ്കിൽ പിന്നീട് മറ്റൊരു സംസ്ഥാനത്തിന് ലഭിക്കും. കേരളത്തിന്റെ പ്രീ മെട്രിക് സ്‌കോളർഷിപ്പ് ഇപ്പോൾ യു.പിക്കാണ് ലഭിച്ചിരിക്കുന്നത്. ചെറിയ തുക കിട്ടുന്ന ന്യൂനപക്ഷ സ്‌കോളർഷിന്റെ പേരിൽ സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ സർക്കാർ ശ്രമിക്കരുതെന്നും സതീശൻ പറഞ്ഞു.

Advertisement
Advertisement