അക്ഷര മുത്തശി ഭാഗീരഥി അമ്മ അന്തരിച്ചു

Friday 23 July 2021 9:16 AM IST

കൊല്ലം: അക്ഷര മുത്തശി ഭാഗീരഥി അമ്മ അന്തരിച്ചു.107 വയസായിരുന്നു. ഇന്നലെ രാത്രിയോടെയായിരുന്നു മരണം. നൂറ്റിയഞ്ചാം വയസിൽ നാലാംതരം തുല്യതാ പരീക്ഷയെഴുതി രാജ്യത്തിന്‍റെ വിദ്യാഭ്യാസ ചരിത്രത്തിന്‍റെ ഭാഗമായ വ്യക്തിയായിരുന്നു ഭാ​ഗീരഥി അമ്മ. കൊല്ലം തൃക്കരുവാ പഞ്ചായത്തിലെ പ്രാക്കുളം സ്വദേശിനിയാണ്.

നൂറ്റിയഞ്ചാം വയസിലും 275 മാർക്കിൽ 205 മാർക്കും നേടിയാണ് മുത്തശി അന്ന് തകർപ്പൻ വിജയം നേടിയത്. ഇളയ സഹോദരങ്ങളെ പരിപാലിക്കേണ്ടതിനാൽ ഒമ്പതാം വയസിൽ ഭഗീരഥി അമ്മ പഠനം ഉപേക്ഷിക്കുകയായിരുന്നു. വർഷങ്ങൾ കഴിഞ്ഞതോടെ അക്ഷരങ്ങളുമായുള്ള ബന്ധം കുറഞ്ഞു. മുപ്പതുകളിൽ വിധവയായതോടെ ആറ് മക്കളെ വളർത്തുന്നതിന്‍റെ ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ടിവന്നു. തുടർന്നാണ് നൂറ്റിയഞ്ചാം വയസിൽ നാലാംതരം തുല്യത പരീക്ഷ പഠിച്ച് പാസാകുന്നത്.

നാരീശക്തി പുരസ്‌കാര ജേതാവാണ് ഭാഗീരഥിയമ്മ. നൂറ്റിയഞ്ചാം വയസിൽ തുല്യതാ പരീക്ഷ പാസായ ഭാഗീരഥിയമ്മയെ കുറിച്ച് പ്രധാനമന്ത്രി മൻകീ ബാത്തിലും പരാമർശിച്ചിരുന്നു. സംസ്‌കാരം ഉച്ചയ്ക്ക് രണ്ട് മണിക്ക് ഔദ്യോഗിക ബഹുമതികളോടെ പ്രാക്കുളത്തെ വീട്ടുവളപ്പിൽ നടക്കും.