അടിസ്ഥാന സൗകര്യത്തിന്റെ അനന്തസാദ്ധ്യതകൾ കേരളം പ്രയോജനപ്പെടുത്തണം: ജെ.കെ. മേനോൻ

Friday 23 July 2021 5:20 PM IST

കൊച്ചി: അടിസ്ഥാന സൗകര്യവികസനത്തിന്റെ അനന്തസാദ്ധ്യതകൾ പ്രയോജനപ്പെടുത്തി ഉത്പാദന യൂണിറ്റുകൾ ആരംഭിക്കണമെന്ന് നോർക്ക ഡയറക്ടറും എ.ബി.എൻ കോർപ്പറേഷൻ ചെയർമാനുമായ ജെ.കെ. മേനോൻ പറഞ്ഞു.


കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിന്റെ ഭാഗമായി മന്ത്രി പി. രാജീവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ഓൺലൈൻ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിർമ്മാണ യൂണിറ്റുകൾ വർദ്ധിക്കുന്നതിനനുസരിച്ച് തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന നിർമ്മാണ യൂണിറ്റുകൾക്ക് മുൻഗണന നൽകണം.

വിദേശരാജ്യങ്ങളിൽ കേരളത്തിന്റെ മനുഷ്യവിഭവശേഷി കൂടുതലായി ഉപയോഗിക്കുന്നുണ്ട്. അതുവഴി അവർ നേട്ടങ്ങളുമുണ്ടാക്കുന്നു. ഈ നേട്ടങ്ങൾ നമ്മുടെ നാട്ടിൽത്തന്നെ ഉപയോഗിക്കാൻ കഴിയണം.


മികച്ച റോഡുകൾ, വിവിധ മേഖലകളെ സംയോജിപ്പിക്കുന്ന ഗതാഗത സംവിധാനങ്ങൾ, ഉത്പാദന യൂണിറ്റുകൾക്ക് സഹായകരമാകുന്ന വിധത്തിലുള്ള വൈദ്യുതിയൂണിറ്റുകൾ, സാങ്കേതിക വിദ്യാഭ്യാസമുള്ള മനുഷ്യവിഭവശേഷി തുടങ്ങി ഉത്പാദനവിതരണ യൂണിറ്റുകളുടെ നിക്ഷേപങ്ങൾക്ക് അനുകൂലമായ നിരവധി ഘടകങ്ങൾ സംസ്ഥാനത്തുണ്ട്. ഇത് ഉപയോഗപ്പെടുത്തിയാൽ വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിയും. വ്യവസായവകുപ്പിലെ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കാനുള്ള പുതിയ പദ്ധതിയെ ജെ.കെ. മേനോൻ അഭിനന്ദിച്ചു.

ലുലൂ ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ഡോ. ആസാദ് മൂപ്പൻ, സിദ്ദിഖ് അഹമദ് തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള പ്രമുഖ പ്രവാസിവ്യവസായികളും പങ്കെടുത്തു.