ട്രാൻസ്‌ജെൻഡർ അനന്യയുടെ സുഹൃത്തിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Friday 23 July 2021 6:24 PM IST

കൊച്ചി: ലിംഗമാറ്റ ശസ്‌ത്രക്രിയയെ തുടർന്ന് ചികിത്സാ പിഴവ് ആരോപണം ഉന്നയിച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്‌ത ട്രാൻസ്ജെൻഡ‌ർ അനന്യയുടെ സുഹൃത്തിനെയും ഇന്ന് ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി ജിജു(30)വിനെയാണ് വൈറ്റിലയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

അനന്യ മരണമടഞ്ഞ ദിവസം ജിജുവും ഇടപ്പള‌ളിയിലെ ഫ്ളാറ്റിലുണ്ടായിരുന്നു. ഭക്ഷണം വാങ്ങാൻ ജിജു പുറത്ത്പോയ സമയത്താണ് അനന്യ ആത്മഹത്യ ചെയ്‌തത്. ഇതിന് ശേഷം വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നു ജിജു. കൊച്ചിയിൽ ഹെയർ സ്‌റ്റൈലിസ്‌റ്റായി ജോലിനോക്കി വരികയായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് അനന്യ ഇടപ്പള‌ളിയിലെ ഫ്ളാറ്റിൽ തൂങ്ങിമരിച്ചത്. ലിംഗമാറ്റ ശസ്‌ത്രക്രിയയെ തുടർന്ന് വലിയ ശാരീരിക ബുദ്ധിമുട്ടുകളാണ് അനന്യ അനുഭവിച്ചത്. കഴിഞ്ഞവർഷം ജൂലായിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അനന്യയുടെ ശസ്ത്രക്രിയ.