കനത്തമഴ, മണ്ണിടിച്ചിൽ മുംബയിൽ 136 മരണം

Saturday 24 July 2021 12:00 AM IST

മുംബയ്: മഹാരാഷ്ട്രയിലെ കൊങ്കൺ മേഖലയിൽ കനത്തമഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിലും മണ്ണിടിച്ചിലിലും പെട്ട് 136 പേർ മരിച്ചു.

മുംബയ് നഗരത്തിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള റായ്ഗഡ് ജില്ലയിലെ താലിയ (മഹാഡ്) ഗ്രാമത്തിൽ മണ്ണിടിഞ്ഞുവീണ് 38 പേരും പൊലാഡ്പൂരിൽ 11 പേരും കൊല്ലപ്പെട്ടു. താലിയയിൽ ഒരിടത്ത് നിന്ന് 32 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ മഴക്കെടുതിയിൽപ്പെട്ട് സതാര ജില്ലയിൽ 14 പേരും ചിപ്‌ളുനിൽ 8 പേരും മരിച്ചതായാണ് വിവരം.

ഇന്നലെ സതാര ജില്ലയിൽ രണ്ടിടങ്ങളിലുണ്ടായ മണ്ണിടിച്ചിലിൽ പെട്ട് 20 ഓളം പേർ കുടുങ്ങിക്കിടക്കുകയാണ്.

കഴിഞ്ഞ 40 വർഷത്തിനിടെ മഹാരാഷ്ട്രയിൽ പെയ്ത ഏറ്റവും വിലയ മഴയാണിത്.

70,000ത്തോളം പേർ താമസിക്കുന്ന ചിപ്ളുൻ പട്ടണത്തിൽ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായി. 5000ത്തോളം പേർ കുടുങ്ങിക്കിടക്കുകയാണ്. ഇതോടെ മുംബയ്- ഗോവ ഹൈവേ തത്കാലത്തേക്ക് അടച്ചു. കൊങ്കൺ മേഖലയിലൂടെയുള്ള നിരവധി ട്രെയിൻ സർവീസുകൾ നിറുത്തിവച്ചു. വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ട ട്രെയിനുകളിലായി ആറായിരത്തോളം യാത്രക്കാർ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്.

ഹെലികോപ്ടറുകൾ അടക്കം ഉപയോഗിച്ചാണ് റായ്ഗഡ് ജില്ലയിലെ വെള്ളപ്പൊക്ക പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത്.

പലയിടത്തും നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്. കോടാവലി, ജഗ്ബുദി, വഷിഷ്ടി,ഭാവ് നദികളെല്ലാം അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്. സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൂടാതെ 70 കിലോമീറ്ററിന് മുകളിൽ വേഗത്തിൽ കാറ്റിനും സാദ്ധ്യതയുണ്ടെന്നാണ് പ്രവചനം.

പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഫോണിൽ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നാവികസേനയുടെ രണ്ട് രക്ഷാപ്രവർത്തന സംഘങ്ങൾ, 12 പ്രാദേശിക ദുരിതാശ്വാസ സംഘങ്ങൾ, രണ്ട് തീരസംരക്ഷണ സേന, ദേശീയ ദുരന്ത നിവാരണ സേനയിലെ 26 സംഘങ്ങൾ തുടങ്ങിയവരെ വെള്ളപ്പൊക്ക പ്രദേശങ്ങളിൽ വിന്യസിച്ചു.

മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മഹാരാഷ്ട്ര സർക്കാർ അഞ്ചുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

റായ്ഗഡിൽ മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം നൽകും.

 തെലങ്കാനയിലും മഴ

തെലങ്കാനയുടെ വടക്കൻ മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. 16 ജില്ലകൾ മഴക്കെടുതിയിലാണ്. ഗോദാവരി തീരത്ത് പ്രളയമുന്നറിയിപ്പ് പുറപ്പെടുവിച്ചു. നിർമ്മൽ പട്ടണത്തിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിനടിയിലാണ്. ബെൽകോണ്ട മേഖലയിൽ പലവീടുകളുടെയും ഒന്നാംനില വരെ വെള്ളം കയറിയ ദൃശ്യങ്ങൾ പുറത്തുവന്നു. ആന്ധ്രയിലെ സമീപ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.

Advertisement
Advertisement