അക്ഷരമുത്തശ്ശി ഭാഗീരഥിഅമ്മ വിടവാങ്ങി

Saturday 24 July 2021 12:00 AM IST

കൊല്ലം: അക്ഷര മുത്തശ്ശി കൊല്ലം പ്രാക്കുളം നന്ദ് ധാമിൽ ഭാഗീരഥിഅമ്മ (107) നിര്യാതയായി. വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടർന്ന് അവശനിലയിലായിരുന്നു. വ്യാഴാഴ്ച രാത്രി 11.55 ഓടെ കൊല്ലം പ്രാക്കുളത്തെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നലെ ഉച്ചയ്ക്ക് 2ന് ഔദ്യോഗിക ബഹുമതികളോടെ പ്രാക്കുളത്തെ വീട്ടുവളപ്പിൽ നടന്നു.

രാജ്യത്തെ സ്ത്രീകൾക്ക് നൽകുന്ന പരമോന്നത ബഹുമതിയായ നാരീശക്തി പുരസ്‌കാര ജേതാവാണ്. ഒമ്പതാം വയസിൽ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടിവന്ന ഭാഗീരഥിഅമ്മ 105-ാം വയസിൽ തുടർ സാക്ഷരതാ യജ്ഞത്തിൽ പങ്കാളിയായി. നാലാംതരം തുല്യതാ പരീക്ഷയിൽ 75 ശതമാനവും കണക്ക് പരീക്ഷയ്ക്ക് നൂറ് ശതമാനവും മാർക്ക് വാങ്ങിയാണ് ജയിച്ചത്. ഈ നേട്ടം കൈവരിച്ചതിന് കഴിഞ്ഞ വർഷം ഫെബ്രുവരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കീ ബാത്തിലൂടെ ഭാഗീരഥിഅമ്മയെ പ്രശംസിച്ചിരുന്നു.

പരേതനായ രാഘവൻപിള്ളയാണ് ഭർത്താവ്. മക്കൾ: പദ്മാക്ഷി അമ്മ, തുളസീധരൻപിള്ള, പരേതയായ കൃഷ്ണമ്മ, സോമനാഥൻപിള്ള, അമ്മിണിഅമ്മ, തങ്കമണിഅമ്മ. മരുമക്കൾ: പരേതനായ ബാലകൃഷ്ണപിള്ള, വിജയലക്ഷ്മി അമ്മ, പരേതനായ രാധാകൃഷ്ണപിള്ള, മണിയമ്മ, ശ്രീധരൻപിള്ള, പരേതനായ ആനന്ദൻപിള്ള.