19 ബി.ജെ.പി നേതാക്കളും സാക്ഷികൾ ; പണം വന്നത് സുരേന്ദ്രന്റെ അറിവോടെ, കുഴൽപ്പണ കേസിൽ കുറ്റപത്രം സമർപ്പിച്ചു

Saturday 24 July 2021 12:00 AM IST

അന്വേഷിക്കേണ്ടത് ഇ.ഡിയും ആദായനികുതി വകുപ്പും


തൃശൂർ:കൊടകര കുഴൽപ്പണ കേസിലെ മൂന്നരക്കോടി രൂപ കേരളത്തിൽ എത്തിയത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേശൻ, ഓഫീസ് സെക്രട്ടറി ഗിരീഷ് എന്നിവരുടെ അറിവോടെയാണെന്ന് പൊലീസിന്റെ കുറ്റപത്രത്തിൽ പറയുന്നു.

ഇരിങ്ങാലക്കുട കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ കെ. സുരേന്ദ്രനും എം. ഗണേശനും ഉൾപ്പെടെ 19 ബി.ജെ.പി നേതാക്കളെയും സാക്ഷികളായാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

കൊള്ളയടിച്ച മൂന്നരക്കോടി കള്ളപ്പണമാണ്. പണം കൊണ്ടുവന്നത് സുരേന്ദ്രന്റെ അറിവോടെയാണ്. കേസിൽ കൂടുതൽ അന്വേഷണം ആവശ്യമാണ്. തുടരന്വേഷണം വേണമെന്നും കുറ്റപത്രത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കെ. സുരേന്ദ്രൻ ഏഴാം സാക്ഷിയാണ്. സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണനും സാക്ഷിപ്പട്ടികയിലുണ്ട്. പണം കടത്തിക്കൊണ്ടുവന്ന ധർമ്മരാജൻ രണ്ടാം സാക്ഷിയാണ്.

കള്ളപ്പണ ഇടപാട് പരിശോധിക്കേണ്ടത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും ആയതിനാൽ കുറ്റപത്രത്തിന്റെ പകർപ്പ് അവർക്ക് കൈമാറുമെന്നും പൊലീസ് കോടതിയെ അറിയിച്ചു.

പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്ന എ.സി.പി വി.കെ. രാജുവാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പണം തട്ടിയെടുത്തതു സംബന്ധിച്ച കുറ്റപത്രമാണ് സമർപ്പിച്ചതെന്ന് വി.കെ. രാജു വ്യക്തമാക്കി. ഒരു സ്ത്രീയടക്കം അറസ്റ്റിലായ 22 പ്രതികളും റിമാൻഡിലാണ്.

കുറ്റപത്രത്തിൽ പറയുന്നത്

കള്ളപ്പണം ബംഗളൂരുവിൽ നിന്നാണ് കൊണ്ടുവന്നത്. പണം കേരളത്തിലേക്ക് കൊണ്ടുവന്ന ധർമ്മരാജൻ കെ. സുരേന്ദ്രന്റെയും എം. ഗണേശന്റെയും അടുപ്പക്കാരനാണ്. പണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിച്ചതാണ്. ബംഗളൂരുവിൽ നിന്ന് ആലപ്പുഴ ജില്ലാ ട്രഷറർ കർത്തയ്ക്ക് കൈമാറാനായി കൊണ്ടുപോകും വഴിയാണ് പണം തട്ടിയെടുത്തത്. കർണാടകയിൽ പോയി പണം കൊണ്ടുവരാൻ ധർമ്മരാജനെ ചുമതലപ്പെടുത്തിയത് എം. ഗണേശനും ഗിരീഷും ചേർന്നാണെന്ന മൊഴിയും കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

Advertisement
Advertisement