ട്രാഫിക് ഉപദേശക സമിതി പിരിച്ചുവിട്ടോ? അടൂരിന്റെ വഴിയിൽ ആശങ്ക

Saturday 24 July 2021 12:39 AM IST
അടൂർ കോടതി റോഡിൽ ഇന്നലെ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്

അടൂർ : ട്രാഫിക് നിയന്ത്രണത്തിന് ഫലപ്രദമായ സംവിധാനങ്ങൾ ഇല്ലാത്തതോടെ നഗരഹൃദയത്തിന്റെ താളംതെറ്റി. പ്രധാനറോഡുകളിലും ഉപറോഡുകളിലും അനിയന്ത്രിതമായ വാഹനപാർക്കിംഗ് ഏറിയത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു. അതേസമയം ട്രാഫിക് ഉപദേശക സമിതി തികഞ്ഞ മൗനത്തിലുമാണ്. നഗരഹൃദയത്തിൽ പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡ് മുതൽ സെൻട്രൽ ജംഗ്ഷൻ വരെയുള്ള ഭാഗത്തുമാത്രമാണ് പൊലീസ് അൽപ്പമെങ്കിലും ജാഗ്രത കാട്ടുന്നത്. ഉപറോഡുകളിൽ വാഹനം കടന്നുപോകാൻ കഴിയാത്തവിധം അലക്ഷ്യമായി പാർക്കിംഗാണ്. ഒാട്ടോറിക്ഷക്കാരും കാർയാത്രികരുമാണ് ഏറെ ദുരിതം അനുഭവിക്കുന്നത്.

അടൂർ കോടതി റോഡ്

എം.സി റോഡിൽ ഗീതം ഒാഡിറ്റോറിയം ജംഗ്ഷനിൽ നിന്ന് വൺവേ ചുറ്റാതെ റവന്യൂ ടവർ, കോടതി, പൊലീസ് സ്റ്റേഷൻ, ആർ.ഡി.ഒ ഒാഫീസ്, മാർക്കറ്റ് ജംഗ്ഷൻ എന്നിവിടങ്ങളിലും പടിഞ്ഞാറെ വൺവേ പോയിന്റുവഴി വരുവന്നവർക്ക് മാർക്കറ്റ് ജംഗ്ഷൻ വഴി ജനറൽ ആശുപത്രി ഉൾപ്പെടെയുള്ള ഇടങ്ങളിലേക്ക് പോകാനുമുള്ള പാതയാണിത്. ഇൗ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ പാർക്ക് ചെയ്യുന്നതിനാൽ ഏതുസമയവും ഗതാഗതക്കുരുക്കാണ്.

പാർത്ഥസാരഥി റോഡ്

മൂന്നാളം ഭാഗത്തുനിന്നും യമുന ജംഗ്ഷനിൽ നിന്നും വരുന്ന വാഹനങ്ങൾ എം.സി റോഡിൽ പ്രവേശിക്കുന്നതിനുള്ള പ്രധാന റോഡുകളിൽ ഒന്നാണിത്. ഇരുവശങ്ങളും അനധികൃത പാർക്കിംഗാണ്. വാഹന പാർക്കിംഗ് നിരോധിച്ച് പൊലീസ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആരും ശ്രദ്ധിക്കാറില്ല.

എം.ജി റോഡ്

തുമ്പമൺ, പത്തനംതിട്ട ഭാഗങ്ങളിലുള്ള യാത്രക്കാർക്ക് സെൻട്രൽ ജംഗ്ഷൻ ചുറ്റാതെ നേരെ നഗരത്തിൽ പ്രവേശിക്കുന്നതിനുള്ള പ്രധാന പാതയാണിത്. സ്വകാര്യ ക്ളിനിക്കിലും കോടതി ഉൾപ്പെടെയുള്ളയിടങ്ങളിലും എത്തുന്നവരുടെ വാഹനങ്ങൾ റോഡിന് ഇരുവശങ്ങളിലുമായി പാർക്ക് ചെയ്യും. കഷ്ടിച്ച് പത്ത് മീറ്റർ വീതിയുള്ള റോഡിന്റെ ഇരുവശങ്ങളും വാഹനങ്ങൾ കൈയ്യടക്കിയാൽ ഗതാഗതം തടസപ്പെടും.

ട്രാഫിക് സംവിധാനം പുന:ക്രമീകരിക്കാൻ ബാദ്ധ്യതയുള്ള ട്രാഫിക് ഉപദേശക സമിതിയുടെ നിഷ്ക്രിയത്വമാണ് ഗതാഗതം താറുമാറാകാൻ കാരണം. അടിയന്തരമായി ട്രാഫിക് ഉപദേശക സമിതി വിളിച്ചു ചേർത്ത് കാലോചിതമായ പരിഷ്കാരം നടപ്പാക്കണം.

വി.ശശികുമാർ,

നഗരസഭാ കൗൺസിലർ

Advertisement
Advertisement