എട്ട് വർഷത്തെ കാത്തിരിപ്പിന് വിരാമം, കോന്നിയിൽ ആനവണ്ടിത്താവളം

Saturday 24 July 2021 12:42 AM IST

കോന്നി : എട്ട് വർഷം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കോന്നി ട്രാൻ.ഡിപ്പോ യാഥാർത്ഥ്യമാകുന്നു. ഡിപ്പോയ്ക്കായി ഏ​റ്റെടുത്ത ഭൂമി കെ.എസ്.ആർ.ടി.സി ഉടമസ്ഥതയിലേക്ക് ആഗസ്​റ്റ് അഞ്ചിനകം മാ​റ്റുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. ഇതിനായി എം.എൽ.എയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സിയുടെ ലാന്റ് സ്‌പെഷ്യൽ ഓഫീസർമാരും റവന്യൂ ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ചു. 2013 ആണ് ഡിപ്പോയ്ക്കായി സ്ഥലം കണ്ടെത്തിയത്. ബ്ലോക്ക് പഞ്ചായത്തംഗം തുളസീമണിയമ്മ, ഗ്രാമപഞ്ചായത്ത് അംഗം കെ.ജി.ഉദയകുമാർ, കെ.എസ്.ആർ.ടി.സി ലാൻഡ് സ്‌പെഷ്യൽ ഓഫീസർമാരായ എം.പി.വിനോദ്, എസ്.വിനീഷ്, ഡെപ്യൂട്ടി തഹസീൽദാർ സജീവ് കുമാർ, സർവെയർമാരായ അനിൽ ജോയ്, കെ.സി.അനിൽ, കെ.എസ്.ആർ.ടി.സി സ്​റ്റേഷൻ മാസ്​റ്റർ സി.എ.ഗോപാലകൃഷ്ണൻ തുടങ്ങിയവരും സംഘത്തിനൊപ്പം ഉണ്ടായിരുന്നു.

2.41 ഏക്കർ സ്ഥലം

കഴിഞ്ഞ ഫെബ്രുവരിയിൽ മന്ത്രിയും എം.എൽ.എയും കെ.എസ്.ആർ.ടി.സി എം.ഡിയും പങ്കെടുത്ത തിരുവനന്തപുരത്ത് നടന്ന യോഗത്തിലാണ് ഡിപ്പോയുടെ കാര്യത്തിൽ തീരുമാനമുണ്ടായത്.
ഡിപ്പോയ്ക്കായി കണ്ടെത്തിയിട്ടുള്ള 2.41 ഏക്കർ സ്ഥലം കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലേക്ക് മാ​റ്റാനുള്ള നടപടി നടത്താൻ തീരുമാനിച്ചിരുന്നു. കൂടാതെ യാർഡ് നിർമ്മാണത്തിന് പണം അനുവദിക്കാനും തീരുമാനമെടുത്തു.

യാർഡിന് 1.45 കോടി
കെ.എസ്.ആർ.ടി.സി എം.ഡിയുടെ ഉത്തരവിലൂടെ 1.45 കോടി രൂപ യാഡ് നിർമ്മാണത്തിനായി അനുവദിച്ചിട്ടുണ്ട്. പ്രൊജക്ട് മാനേജ്‌മെന്റ് കൺസൾട്ടന്റായ എച്ച്.എൽ.എല്ലിനാണ് നിർമ്മാണ ചുമതല.

ഭൂമി കെ.എസ്.ആർ.ടി.സി ഉടമസ്ഥതയിലേക്ക് മാറിയാൽ ഉടൻ കോന്നി ഡിപ്പോയിൽ വൈദ്യുതി, കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കും. തുടർന്ന് ഓഫീസും പുതിയ കെട്ടിടത്തിലേക്ക് മാ​റ്റും.

അഡ്വ. കെ.യു.ജനീഷ് കുമാർ എം.എൽ.എ

Advertisement
Advertisement