തിരുവല്ല നഗരസഭാ കൗൺസിൽ യോഗത്തിൽ ബഹളം; എൽ.ഡി.എഫ് ഇറങ്ങിപ്പോയി

Saturday 24 July 2021 12:59 AM IST
തിരുവല്ല നഗരസഭാ ഒാഫീസി​ന് മുന്നിൽ എൽ.ഡി.എഫ് നടത്തി​യ പ്രതിഷേധ സമരം സി.പി.എം ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി.ആന്റണി ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: നഗരസഭയിലെ കൗൺസിൽ യോഗത്തിൽ നിന്ന് പ്രതിഷേധിച്ച് എൽ.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. നഗരത്തിലെ വിവിധ പദ്ധതികൾ സംബന്ധിച്ച് ഭരണപക്ഷം അവതരിപ്പിച്ച അജണ്ട പഠിക്കാൻ അവസരം നൽകിയില്ലെന്ന് ആരോപിച്ച് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സഭ വിട്ട് പുറത്തുപോകുകയായിരുന്നു. 17 കോടി രൂപയുടെ 123 വികസന പദ്ധതികളാണ് യു.ഡി.എഫ് ഭരണസമിതി അവതരിപ്പിച്ചത്. ഇതിൽ ഷീ ലോഡ്ജ്, ശബരിമല ഇടത്താവളം, ടേക് എ ബ്രെക്ക് ഉൾപ്പെടെയുള്ള പദ്ധതികളുണ്ട്. എന്നാൽ ഈ പദ്ധതികളെക്കുറിച്ച് വേണ്ടത്ര പഠനം നടത്താതെ അംഗീകരിക്കാനാകില്ലെന്ന നിലപാട് സ്വീകരിച്ച് എൽ.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധിക്കുകയായിരുന്നു. അതെസമയം ബി.ജെ.പി അംഗങ്ങൾ യു.ഡി.എഫിനെ പിന്തുണച്ചു. നഗരത്തിന്റെ വികസനത്തിന് പ്രാമുഖ്യം നൽകുന്ന പദ്ധതികൾക്ക് എൽ.ഡിഎഫ് തുരങ്കം വയ്ക്കുകയാണെന്ന് നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ പറഞ്ഞു. കൗൺസിൽ യോഗത്തിന്റെ അജണ്ട മുൻകൂട്ടി നൽകിയതാണ്. വീണ്ടും സമയം അനുവദിക്കണമെന്ന് പറയുന്നത് വികസനത്തെ തകർക്കാനാണെന്നും കഴിഞ്ഞ കുറെ നാളുകളായി ഇതാണ് എൽ.ഡി.എഫ് തുടരുന്നതെന്നും അവർ പറഞ്ഞു. ഇത്രയും വിപുലമായ പദ്ധതികൾ സംബന്ധിച്ച് യാതൊരു ചർച്ചയും കൂടാതെ പൊടുന്നനെ പാസാക്കാൻ കഴിയില്ലെന്ന് എൽ.ഡി.എഫ് കൗൺസിലർ പ്രദീപ് മാമ്മൻ മാത്യു പറഞ്ഞു. ഇതിലൂടെ അഴിമതി നടത്താനാണ് യു.ഡി.എഫ് ഭരണസമിതി ശ്രമിക്കുന്നതെന്നും ഈരീതി തുടരാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല ഇടത്താവള വികസനത്തെ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് എൽ.ഡി.എഫ് കൗൺസിൽ യോഗത്തിൽ പ്രതിഷേധം ഉയർത്തി ഇറങ്ങിപോയതെന്ന് ബി.ജെ.പി കൗൺസിലർ ശ്രീനിവാസ് പുറയാറ്റ് കുറ്റപ്പെടുത്തി. കൗൺസിൽ യോഗത്തിൽ നിന്ന് പുറത്തിറങ്ങിയ കൗൺസിലർമാർക്ക് പിന്തുണയുമായി എൽ.ഡി.എഫ്, ഡി.വൈ.എഫ്.ഐ പ്രവർത്തകരും രംഗത്തെത്തി. തുടർന്ന് നഗരസഭാ കവാടത്തിൽ നടത്തിയ പ്രതിഷേധയോഗം സി.പി.എം ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി.ആന്റണി ഉദ്ഘാടനം ചെയ്തു.

Advertisement
Advertisement