റാങ്ക് ലിസ്​റ്റുകളിൽ പരമാവധി നിയമനം നടത്തണം:വെള്ളാപ്പള്ളി

Saturday 24 July 2021 1:32 AM IST

ചേർത്തല: പുതിയ സംവരണ അനുപാതം വരുന്നതോടെ പി.എസ്.സി വഴിയുള്ള ഉദ്യോഗ നിയമനത്തിൽ പിന്നാക്കക്കാർക്ക് വലിയ അവസരനഷ്ടമുണ്ടാകുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഉദ്യോഗാർത്ഥികൾക്ക് ആശങ്കയുള്ള സാഹചര്യത്തിൽ കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്​റ്റിൽ നിന്ന് പരമാവധി നിയമനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംവരണത്തോത് അമ്പത് ശതമാനം കവിയരുതെന്ന് മറാത്ത കേസിൽ കോടതി വിധിയുള്ളതിനാലും മുന്നാക്ക ജാതി സംവരണം ഭരണഘടനാ വിരുദ്ധമായതിനാലും പത്തുശതമാനം മുന്നാക്ക സംവരണം ഏർപ്പെടുത്താനുള്ള നടപടികളിൽ നിന്ന് സർക്കാർ പിൻമാറണം.
നിലവിലെ സംവരണ ക്രമത്തിൽ മാ​റ്റം വരുന്നില്ലെങ്കിലും അമ്പത് ശതമാനം ഓപ്പൺ വിഭാഗത്തിൽ പത്ത് ശതമാനം മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് മാ​റ്റി വയ്ക്കാനാണ് നീക്കം.ഇതാേടെ പിന്നാക്ക വിഭാഗങ്ങൾക്ക് ഓപ്പൺ വിഭാഗത്തിൽ പത്ത് ശതമാനം അവസരനഷ്ടം സംഭവിക്കും.നൂറിൽ പത്ത് പേർ മുന്നാക്ക വിഭാഗത്തിൽ നിന്ന് മാത്രമായി നിയമിക്കപ്പെടണമെന്ന വ്യവസ്ഥ വരുമ്പോൾ മാർക്ക് അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർ 40 ശതമാനമായി കുറയും. കൊവിഡ് പശ്ചാത്തലത്തിൽ പുതിയ പരീക്ഷകൾ നടത്താൻ ബുദ്ധിമുട്ടുള്ള സാഹചര്യംകൂടി കണക്കിലെടുത്ത്, ഉടനെ കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്​റ്റുകളുടെ കാലാവധി നീട്ടണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Advertisement
Advertisement