അക്ഷരമുത്തശ്ശി യാത്രയായി ബാല്യത്തിൽ പൊലിഞ്ഞ മോഹം പകുതി ബാക്കി
കൊല്ലം: 105-ാം വയസിൽ നാലാം ക്ലാസ് ജയിച്ചപ്പോൾ ഭാഗീരഥിഅമ്മയുടെ മനസിൽ ഒരു സ്വപ്നം കൂടി ഉദിച്ചു. പത്താം തരം പാസാകണം. ഈ സ്വപ്നം പൂർത്തിയാക്കാനാകാതെയാണ് അക്ഷരമുത്തശ്ശി യാത്രയായത്.
രണ്ടുവർഷം മുമ്പാണ് 275ൽ 205 മാർക്ക് നേടി ഭാഗീരഥിഅമ്മ നാലാം തരം തുല്യത പരീക്ഷ പാസായത്. കൊല്ലം പ്രാക്കുളത്ത് 1914ലായിരുന്നു ഭാഗീരഥിഅമ്മയുടെ ജനനം. മാതാവ് മരിച്ചശേഷം ഇളയ സഹോദരങ്ങളെ പരിപാലിക്കേണ്ടി വന്നതിനാൽ ചെറിയ പ്രായത്തിൽ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടിവന്നു. മൂന്നുവർഷം മുമ്പ് വീണ്ടുമൊന്ന് പഠിച്ചാലോ എന്ന ചോദ്യവുമായി സാക്ഷരത മിഷൻ പ്രവർത്തകർ സമീപിച്ചപ്പോൾ ഭാഗീരഥിഅമ്മ കൊച്ചുകുട്ടികളുടെ ആവേശത്തോടെ തയ്യാറായി.
സാക്ഷരത മിഷന്റെ തുല്യത പഠന പദ്ധതിയിൽ പങ്കാളിയായ ഏറ്രവും പ്രായമേറിയ വ്യക്തിയും ഭാഗീരഥിഅമ്മയായിരുന്നു. പ്രായാധിക്യത്താൽ എഴുതാനും വായിക്കാനുമൊക്കെ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ഏഴാം തരം പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഓൺലൈനായിട്ടായിരുന്നു പഠനം.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൻകീ ബാത്തിലൂടെ ഭാഗീരഥിഅമ്മയെ പ്രശംസിച്ചിരുന്നു. നടൻ സുരേഷ് ഗോപിയെ നേരിൽ കാണണമെന്ന ആഗ്രഹവും ഭാഗീരഥിഅമ്മ അടുപ്പമുള്ളവരോട് പങ്കുവച്ചിരുന്നു.