കണ്ണൂർ എയർപോർട്ടിലെ സ്വർണക്കടത്തിന് ഒത്താശ, മൂന്ന് കസ്റ്റംസ് ഇൻസ്പെക്ടർമാരെ പിരിച്ചുവിട്ടു

Saturday 24 July 2021 1:53 AM IST

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ സ്വർണക്കടത്ത് സംഘത്തിന് കൂട്ടു നിന്ന മൂന്ന് കസ്റ്റംസ് ഇൻസ്‌പെക്ടർമാരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. രോഹിത് ശർമ, സാകേന്ദ്ര പസ്വാൻ, കൃഷൻ കുമാർ എന്നിവരെയാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാർ പിരിച്ചുവിട്ടത്.

2019 ആഗസ്റ്റ് 19ന് കണ്ണൂർ വിമാനത്താവളത്തിൽ 4.5 കിലോ സ്വർണവുമായി മൂന്നു പേർ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിന്റെ പിടിയിലായ കേസുമായി ബന്ധപ്പെട്ടാണ് നടപടി. കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് പ്രിവന്റീവ് ഇൻസ്‌പെക്ടറായിരുന്ന രാഹുൽ പണ്ഡിറ്റിന്റെ നിർദേശാനുസരണം ഇവർ പ്രവർത്തിച്ചതായും പിടിയിലായ 4.5 കിലോ അടക്കം 11 കിലോഗ്രാം സ്വർണം കണ്ണൂർ വിമാനത്താവളം വഴി കടത്താൻ കള്ളക്കടത്ത് സംഘത്തെ സഹായിച്ചതായും ഡി.ആർ.ഐ. കണ്ടെത്തിയിരുന്നു. രാഹുലിനെ നേരത്തെ പിരിച്ചുവിട്ടിരുന്നു. ഡി.ആർ.ഐ അറസ്റ്റ് ചെയ്ത മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരും സസ്‌പെൻഷൻ കാലാവധിക്കുശേഷം കൊച്ചിയിൽ പ്രിവന്റീവ് വിഭാഗം ഹെഡ്ക്വാർട്ടേഴ്സിൽ തിരികെ ജോലിയിൽ പ്രവേശിച്ചിരുന്നു.

കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ സ്വർണക്കടത്തു സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് ഡി.ആർ.ഐ നൽകുന്ന സൂചന. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ദുബായിൽ നിന്നാണ് വിവരങ്ങൾ കൃത്യമായി എത്തുന്നതെന്നും കണ്ടെത്തിയിരുന്നു. ഇവർ നടത്തിയ വിദേശയാത്രയെക്കുറിച്ചും ഡി. ആർ. ഐ അന്വേഷിച്ചിരുന്നു.

സ്വർണവുമായി വരുന്ന യാത്രക്കാരുടെ വിശദാംശങ്ങൾ രാഹുൽ പണ്ഡിറ്റ് വഴി കണ്ണൂർ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. ഈ യാത്രക്കാരെ എക്സ് റേ, മെറ്റൽ ഡിറ്റക്ടർ പരിശോധന കൂടാതെ കടത്തിവിടുകയാണ് പതിവ്. കള്ളക്കടത്ത് സംഘത്തിൽ നിന്നു ലഭിക്കുന്ന പണം ഉദ്യോഗസ്ഥർക്ക് വീതിച്ചു നൽകിയതും രാഹുലായിരുന്നു.

കടത്തിന് അയവില്ല

കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ സ്വർണക്കടത്ത് ആവർത്തിക്കുകയാണ്. കാസർകോട് കേന്ദ്രമാക്കിയ വൻസംഘമാണ് ഇതിനു പിന്നിലെന്നാണ് സൂചന.

വിദേശത്തേക്ക് പുറപ്പെടുകയും ലോക്ക്ഡൗണിൽ കുടുങ്ങുകയും ചെയ്ത കാരിയർമാരെയും നിയന്ത്രിക്കുന്നത് കാസർകോട് സംഘമാണെന്ന് സൂചനയുണ്ട്. ചാർട്ടേഡ് വിമാനത്തിലെത്തുന്ന യാത്രക്കാർക്കൊപ്പമാണ് കാരിയർമാരും വരുന്നത്.

കാരിയർമാർ ലോക്ക്ഡൗണിനെ തുടർന്ന് മാസങ്ങളോളം വിദേശത്ത് കുടുങ്ങിയെങ്കിലും ഇക്കാലയളവിലെ എല്ലാ ചെലവുകളും വഹിച്ചത് കള്ളക്കടത്ത് സംഘങ്ങളാണ്.

Advertisement
Advertisement