കരുവന്നൂർ സഹകരണ ബാങ്കിലെ തിരിമറികൾ അന്വേഷിക്കാൻ അപ്രതീക്ഷിതമായി പി ബി നൂഹ് നേരിട്ടെത്തി, തൊട്ടുപിന്നാലെ കൊവിഡ് നിയന്ത്രണ ചുമതല ലഭിച്ച് കാസർകോട്ടേയ്ക്ക്

Saturday 24 July 2021 10:07 AM IST

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ ക്രമക്കേടുകളിൽ സഹകരണ രജിസ്ട്രാർ പി. ബി. നൂഹ് എത്തി. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മാത്രം അറിയിച്ച് എത്തിച്ചേർന്നത്. കഴിഞ്ഞ പത്ത് വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു. ജോയിന്റ് രജിസ്ട്രാർ മനോമോഹൻ പി. ജോസഫ്, ജോയിന്റ് ഡയറക്ടർ ലളിതാംബിക, ബാങ്കിന്റെ അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റ മുകുന്ദപുരം അസി. രജിസ്ട്രാർ എം. സി. അജിത് എന്നിവരുമായും ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി. വൈകിട്ട് നാലു വരെ അദ്ദേഹം ജോയിന്റ് രജിസ്ട്രാർ ഓഫീസിലുണ്ടായിരുന്നു. തുടർന്ന് ഇന്നലെ കൊവിഡ് മൂല്യനിർണയച്ചുമതല കൂടി ലഭിച്ചതിനാൽ കാസർകോട്ടേക്ക് പോയി. ഒരാഴ്ച അവിടെയായിരിക്കും.

അതേസമയം, തട്ടിപ്പിനെക്കുറിച്ച് സഹകരണ വകുപ്പിന്റെ ഉന്നതതല അന്വേഷണം ഉണ്ടാകും എന്നാണറിയുന്നത്. ജീവനക്കാരുടെ പങ്ക് തെളിഞ്ഞാൽ കർശന നടപടിയുണ്ടായേക്കും. വേണ്ടത്ര ഓഡിറ്റർമാർ ഇല്ലാത്തതിനാൽ സഹ. ബാങ്കുകളിൽ ചട്ടപ്രകാരം ഓഡിറ്റ് നടക്കാറില്ല. വായ്പാത്തട്ടിപ്പ് ഒഴിവാക്കാൻ വായ്പയെടുത്തവർക്ക് നോട്ടീസയച്ച് വായ്പ, തുക സംബന്ധിച്ച കാര്യങ്ങൾ ഉറപ്പുവരുത്തണമെന്നും പരാതിയുണ്ടെങ്കിൽ കേൾക്കണമെന്നുമുണ്ട്.

സി. പി. എം. അംഗങ്ങൾ തട്ടിപ്പിന്റെ ഭാഗമായത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി. ജെ.പി സമരരംഗത്തുണ്ട്. അമിത്ഷായ്ക്ക് നിവേദനവും നൽകി. വായ്പയെടുത്ത മുൻ പഞ്ചായത്ത് അംഗം മുകുന്ദൻ ആത്മഹത്യ ചെയ്ത സംഭവം കരുവാക്കി കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്.