മാലിന്യത്തെ സ്വർണമാക്കി മാറ്റിയ ജപ്പാൻ മാതൃക, ടോക്യോ ഒളിമ്പിക്സിൽ മെഡലുകൾ ഉണ്ടാക്കിയത് ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന്
ടോക്യോ: ലോകത്തിലെ ഏറ്റവും വലിയ കായികമാമാങ്കം മാത്രമല്ല ജപ്പാനിലെ ടോക്യോയിൽ നടക്കുന്നത്, ലോകത്തിൽ ഇന്നോളം നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ മാലിന്യ റീസൈക്ളിംഗ് പദ്ധതിക്ക് കൂടിയാണ് ടോക്യോ ഒളിമ്പിക്സ് വേദിയാകുന്നത്. അയ്യായിരത്തിലേറെ മെഡലുകളാണ് ടോക്യോ ഒളിമ്പിക്സ് മത്സരവിജയികൾക്ക് നൽകേണ്ടത്. അവ എല്ലാം ഉണ്ടാക്കിയത് ജപ്പാൻ പൗരന്മാർ നൽകിയ ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്നുമാണ്. പഴയ മൊബൈൽ ഫോൺ മുതൽ ഉപയോഗശൂന്യമായ ലാപ്ടോപ് വരെ ഇത്തവണ ഒളിമ്പിക് മെഡലുകൾ നിർമിക്കുന്നതിനു വേണ്ടി ഉപയോഗിച്ചിട്ടുണ്ട്.
ടോക്യോ 2020 എന്ന് പേരിട്ട ഈ പ്രൊജക്ടിനു വേണ്ടി 2017 മുതൽ തന്നെ ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ സംഭരണം ജപ്പാൻ ആരംഭിച്ചിരുന്നു. എന്നാൽ 2018ൽ മാത്രമായിരുന്നു പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം സംഘാടകർ നടത്തിയത്. ഈ പ്രൊജക്ടിലൂടെ 30 കിലോ സ്വര്‍ണവും, 4,100 കിലോ വെള്ളിയും, 2,700 കിലോ വെങ്കലവും മെഡലുകൾ ഉണ്ടാക്കുന്നതിനായി ലഭിച്ചു. മെഡലിന് ആവശ്യമായ സ്വർണത്തിന്റെ 94 ശതമാനവും വെള്ളിയുടെയും വെങ്കലത്തിന്‍റെയും 85 ശതമാനവും ഇത്തരത്തിൽ ലഭിച്ചതാണ്. 62.1 ലക്ഷത്തോളം ഉപകരണങ്ങളാണ് ജപ്പാൻ പൗരന്മാർ ഈ പദ്ധതിയിലേക്ക് നല്‍കിയത്.
ലോകത്തിലെ ഏറ്റവും വലിയ ഇ-വേസ്റ്റ് റീസൈക്ലിംഗ് പദ്ധതികളിൽ ഒന്നായിരുന്നു ടോക്യോയിൽ നടന്നത്.
ഇലക്ട്രോണിക് ഉപകരണങ്ങളുടെ സി പി യു, ജി പി യു എന്നിവിടങ്ങളിൽ നിന്നാണ് സ്വർണം ലഭിക്കുന്നത്. ഒരു ടണ്‍ ഇ - വേസ്റ്റില്‍ നിന്നും 3000 ഗ്രാം സ്വര്‍ണ്ണം വരെ ലഭിക്കും.