അന്നം മുടക്കി ഉമ്മന്‍ചാണ്ടിയെക്കാളും മലയാളിയുടെ മനസില്‍ ഉയരത്തില്‍ തന്നെയാണ് പിണറായി വിജയനെന്ന് പിവി അൻവർ

Saturday 24 July 2021 7:59 PM IST

കേരളത്തിന്റെ ദൈവം എന്ന അടിക്കുറിപ്പിൽ ക്ഷേത്ര കവാടത്തിന് മുന്നിൽ സ്ഥാപിച്ച മുഖ്യമന്ത്രിയുടെ ഫ്ലക്സിന്റെ ചിത്രം പോസ്റ്റ് ചെയ്ത് പച്ചരി വിജയനെന്ന് പരിഹസിച്ച വി,​ടി ബല്‍റാമിന് മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. ക്ഷേമ പെൻഷൻ നൽകാതെ പതിനായിരങ്ങളുടെ അന്നം മുടക്കി. ഉമ്മന്‍ചാണ്ടിയെക്കാളും മലയാളിയുടെ മനസില്‍ ഉയരത്തില്‍ തന്നെയാണ് പിണറായി വിജയനെന്ന് അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. തൃത്താലയിലെ ജനങ്ങളുടെ മനസിലും ഈ പച്ചരി വിജയന്‍ ഉണ്ടായിരുന്നെന്ന് ബൽറാമിന് ഇന്നും മനസ്സിലായിട്ടില്ലല്ലേയെന്നും അദ്ദേഹം ചോദിച്ചു.

വളാഞ്ചേരി പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നിലെ ‘കേരളത്തിന്റെ ദൈവം’ ബോര്‍ഡ് ചൂണ്ടിക്കാണിച്ചായിരുന്നു വി.ടി ബല്‍റാമിന്റെ പരിഹാസം. ”രണ്ട് പ്രതിഷ്ഠയാണവിടെ. ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിന്റെ ദൈവം പച്ചീരി വിഷ്ണു, രണ്ട് അന്നം തരുന്ന കേരളത്തിന്റെ ദൈവം പച്ചരി വിജയന്‍.” ഇതിനെതിരെയാണ് അന്‍വര്‍ രംഗത്തെത്തിയത്.

അതേസമയം, വിമര്‍ശനങ്ങള്‍ ശക്തമായതോടെ ബോര്‍ഡ് ക്ഷേത്രത്തിന് മുന്നില്‍ നിന്ന് മാറ്റി സ്ഥാപിച്ചു. തങ്ങള്‍ അറിയാതെയാണ് ഫ്ലക്‌സ് സ്ഥാപിച്ചതെന്നും ക്ഷേത്രകവാടത്തില്‍ ഫ്ലക്‌സ് സ്ഥാപിച്ചത് മോശമായെന്നും ക്ഷേത്രം ഭാരവാഹികള്‍ പ്രതികരിച്ചു. ഇതിനിടെ ബോര്‍ഡ് സ്ഥാപിച്ചതിനെ തള്ളി സി.പി.എം പ്രാദേശിക നേതൃത്വവും രംഗത്തെത്തി. ബോര്‍ഡ് സ്ഥാപിച്ചതില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സി.പി.എം വ്യക്തമാക്കി.

.

പി.വി. അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

”ക്ഷേമപെന്‍ഷനുകള്‍ നല്‍കാതെ മാസങ്ങളോളം പതിനായിരങ്ങളുടെ അന്നം മുടക്കിയ ചാണ്ടിയേക്കാള്‍ മലയാളികളുടെ മനസ്സില്‍ ഒരുപാട് ഉയരത്തില്‍ തന്നെയാണെടാ നീയൊക്കെ പറയുന്ന ഈ പച്ചരി വിജയന്‍.. തൃത്താലയിലെ ജനങ്ങളുടെ മനസ്സിലും ഈ പച്ചരി വിജയന്‍ ഉണ്ടായിരുന്നെന്ന് ഇന്നും മനസ്സിലായിട്ടില്ലല്ലേ..”