ഒളിമ്പിക്സ് വെള്ളിക്ക് സ്വർണത്തിളക്കം: ഭാരോദ്വഹനത്തില്‍ മീരാഭായ്‌ ചാനുവിന് വെള്ളി

Sunday 25 July 2021 12:00 AM IST

ടോക്യോ: ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനമുയർത്തി വെയ്റ്റ് ലിഫ്ടിംഗിൽ പൊന്നിൻ തിളക്കമുള്ള വെള്ളിമെഡൽ നേടി മീരാഭായ് ചാനു. അഞ്ചു കൊല്ലം മുമ്പ് റിയോ ഒളിമ്പിക്സിൽ അമ്പേ തകർന്നു പോയിടത്തു നിന്നാണ് ചാനു ജ്വലിച്ചുയർന്ന് ടോക്യോയിൽ ഇന്ത്യയുടെ ആദ്യമെഡലിന് ഇന്നലെ അവകാശിയായത്.

49 കിലോഗ്രാം വനിതകളുടെ വിഭാഗത്തിൽ 202 കിലോ ഉയർത്തി മണിപ്പൂരുകാരി ചാനു ചരിത്രം തിരുത്തിയപ്പോൾ 21കൊല്ലത്തിന് ശേഷം ഇന്ത്യ ഒളിമ്പിക് വെയ്റ്റ് ലിഫ്റ്റിംഗിൽ നേടുന്ന ആദ്യ മെഡലായത്. 2000 സിഡ്നി ഒളിമ്പിക്സിൽ കർണം മല്ലേശ്വരി 69 കിലോ വിഭാഗത്തിൽ വെങ്കലം നേടിയ ശേഷം വെയ്റ്റ് ലിഫ്ടിംഗിലെ മെഡൽ.

ലോക നാലാം റാങ്കുകാരിയായി ടോക്യോയിലെത്തിയ ചാനു സ്നാച്ചിൽ 87 കിലോയും ക്ളീൻ ആൻഡ് ജെർക്കിൽ 115 കിലോയുമാണ് ഉയർത്തിയത്. ഇരു വിഭാഗങ്ങളിലുമായി 210 കിലോ ഉയർത്തിയ ലോക ഒന്നാം നമ്പർ താരം ചൈനക്കരി ഹൗ ഷിഹുയിക്കാണ് സ്വർണം. ഇന്തോനേഷ്യയുടെ ഐസാ വിൻഡി വെങ്കലം നേടി. 2017ലെ ലോകചാമ്പ്യനാണ് ചാനു.

സ്നാച്ചിൽ ആദ്യം 84 കിലോയും രണ്ടാമത് 87 കിലോയും ഉയർത്തിയ ചാനു മൂന്നാം ശ്രമത്തിൽ 89 കിലോ ലക്ഷ്യം വച്ചെങ്കിലും പരാജയപ്പെട്ടു. ക്ലീൻ ആൻഡ് ജർക്കിൽ യഥാക്രമം 110,115കിലോയാണ് ചാനു ഉയർത്തിയത്. സ്നാച്ചിൽ 96 കിലോ ഉയർത്തിയ ഷിഹുയി ഒളിമ്പിക് റെക്കാഡ് തിരുത്തുകയും ചെയ്തു.

ഒളിമ്പിക്സിൽ വ്യക്തിഗത മെഡൽ നേടുന്ന 17-ാമത്തെ ഇന്ത്യൻ താരമാണ് 26കാരിയായ ചാനു. ഇന്ത്യയ്ക്കായി വ്യക്തിഗത വെള്ളി മെഡൽ നേടുന്ന ആറാമത്തെ താരവും.ഒളിമ്പിക്സുകളിൽ നിന്ന് ഇന്ത്യ നേടുന്ന 29-ാമത്തെ മെഡലാണിത്.

മിന്നൽത്തുടക്കം

ചാനുവിലൂടെ, ചരിത്രത്തിലാദ്യമായി ആദ്യ മത്സര ദിനം തന്നെ ഇന്ത്യ മെഡൽപ്പട്ടികയിൽ ഇടംപിടിച്ചു. ഒരു ഘട്ടത്തിൽ മെഡൽപ്പട്ടികയിൽ രണ്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഇന്നലെ മത്സരങ്ങൾ അവസാനിക്കുമ്പോൾ ഇന്ത്യ ഒമ്പതാമതാണ്.

അഭിനന്ദനപ്രവാഹം

രാഷ്ട്രപതി, പ്രധാനമന്ത്രി,കേന്ദ്ര, സംസ്ഥാന മന്ത്രിമാർ,കായിക താരങ്ങൾ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ചാനുവിനെ അഭിനന്ദിച്ചു.

സ്വപ്നം സഫലമായി. ഇതിനായി ഒരു പാട് പരിശ്രമിച്ചു,ത്യാഗം ചെയ്തു. റിയോയിലെ വിഴ്ചയ്ക്കു ശേഷം ഞാനെന്തെന്നു തെളിയിക്കാനുള്ള കഠിന ശ്രമമായിരുന്നു. സഹോദരിയുടെ വിവാഹത്തിനു പോലും വീട്ടിലെത്താനായില്ല. ഈ മെഡൽ രാജ്യത്തിനായി സമർപ്പിക്കുന്നു. ശതകോടി പ്രാർത്ഥനകൾക്ക് നന്ദി

- മീരാഭായ് ചാനു സായ്കോം

ഒളിമ്പിക്സിൽ ഇന്ത്യക്ക് സന്തോഷകരമായ തുടക്കം മീരാ ഭായ് ചാനുവിന്റെ പ്രകടനത്തിൽ ഇന്ത്യാക്കാരുടെ അഭിമാനം ഉയർന്നിരിക്കുകയാണ്
- പ്ര​ധാ​ന​മ​ന്ത്രി, നരേന്ദ്ര മോദി

സമ്മാന പെരുമഴ


​ ​മീ​രാ​ഭാ​യ് ​ചാ​നു​വി​ന് ​ മ​ണി​പ്പൂ​ർ​ സർക്കാർ ഒ​രു​ ​കോ​ടി​ ​ ​​സ​മ്മാ​നമായി നൽകും.ഇ​ന്ത്യ​ൻ​ ​ഒ​ളി​മ്പി​ക് ​ അ​സോ​സി​യേ​ഷ​ൻ​ ​ 40 ലക്ഷവും ​​ജെ.​എ​സ്.​ഡ​ബ്ള്യു ഗ്രൂ​പ്പ് ​ 20​ ​ല​ക്ഷ​വും​ ​ സ​മ്മാ​നി​ക്കും.

Advertisement
Advertisement