കൊല്ലം-പത്തനംതിട്ട സർവീസ് അട്ടിമറിക്കാൻ നീക്കം, ഈ വഴിമാറ്റം സ്വകാര്യം

Sunday 25 July 2021 12:00 AM IST

പത്തനംതിട്ട: സ്വകാര്യ ബസുകൾക്ക് കൂടുതൽ പെർമിറ്റുകൾ നൽകി കൊല്ലം - പത്തനംതിട്ട റൂട്ടിലെ കെ.എസ്.ആർ.ടി.സി വേണാട് ലിമിറ്റഡ് സ്റ്റോപ്പ് സർവീസുകൾ അട്ടിമറിക്കാൻ ഉന്നതതല നീക്കം. പത്തനംതിട്ട, അടൂർ, കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോകൾക്ക് ഏറ്റവും കൂടുതൽ ലാഭം ലഭിക്കുന്ന റൂട്ടുകളിൽ ഒന്നാണിത്. കൊവിഡിന് മുൻപ് ഒരു ബസിന്റെ ഒരു ദിവസത്തെ വരുമാനം 13000 രൂപ മുതൽ 20000 വരെയായിരുന്നു. ഇൗ റൂട്ടിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്ക് പുതിയ പെർമിറ്റ് നൽകാനാണ് നീക്കം. കൊല്ലം - പത്തനംതിട്ട റൂട്ടിലും കൊല്ലം - പത്തനംതിട്ട - കുമളി റൂട്ടിലും നിലവിൽ സ്വകാര്യ ബസുകൾക്ക് പെർമിറ്റുണ്ട്. ഇൗ ബസുകൾ കെ.എസ്.ആർ.ട‌ി.സി ബസുകൾക്ക് വെല്ലുവിളിയാകാതെ സംസ്ഥാനത്തപാതയിൽ നിന്ന് ബൈ റൂട്ടുകളിലൂടെ കയറിയിറങ്ങി അവസാനത്തെ സ്റ്റോപ്പിൽ എത്തണമെന്നാണ് പെർമിറ്റ് റൂളിൽ പറയുന്നതെങ്കിലും പാലിക്കപ്പെടാറില്ല. സമയം തെറ്റിച്ച് കെ.എസ്.ആർ.ടി.സിക്ക് മുന്നിലോടുകയാണ് ചെയ്തിരുന്നത്.

കൊല്ലം - കോരുത്തോട് റൂട്ടിലാണ് പുതിയ സർവീസിന് സ്വകാര്യ ബസുകൾ പെർമിറ്റ് തേടി ആർ.ടി.എയ്ക്ക് അപേക്ഷ നൽകിയിരിക്കുന്നത്. കൊല്ലത്ത് നിന്ന് കുണ്ടറ, ഭരണിക്കാവ്, കടമ്പനാട്, അടൂർ, തട്ട, പത്തനംതിട്ട, കുമ്പഴ, റാന്നി, എരുമേലി, മുണ്ടക്കയം വഴി കോരുത്തോട് അവസാനിക്കുന്ന പെർമിറ്റ് കൊല്ലം മുതൽ പത്തനംതിട്ട വരെ കെ.എസ്.ആർ.ടി.സിയുടെ റൂട്ടിലൂടെയാകും സർവീസുകൾ നടത്തുന്നത്. ഫലത്തിൽ കൊല്ലം - പത്തനംതിട്ട സർവീസിനെ ഇത് വലിയ നഷ്ടത്തിലേക്ക് എത്തിക്കും. ഇൗ റൂട്ടിൽ നിന്ന് കെ.എസ്.ആർ.ടി.സിയെ പിൻവലിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ഒരു വിഭാഗം ജീവനക്കാർ ആരോപിക്കുന്നു.

പകുതി സർവീസുകൾ കുറച്ചത് വിനയായി

കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം കൊല്ലം - പത്തനംതിട്ട റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസുകൾ പകുതിയായി കുറച്ചു. യാത്രക്കാർ കുറവായതു കൊണ്ടാണ് സർവീസ് കുറച്ചതെന്ന് അധികൃതർ വിശദീകരിക്കുന്നുണ്ടെങ്കിലും വൈകിട്ടത്തെ തിരക്കേറിയ സമയത്തും ബസില്ല. പത്തനംതിട്ടയിൽ നിന്ന് കൊല്ലത്തേക്ക് ഇപ്പോഴത്തെ അവസാന സർവീസ് വൈകിട്ട് 6.40നാണ്. കടകളും സ്ഥാപനങ്ങളും രാത്രി എട്ട് വരെ തുറക്കാൻ അനുമതിയുണ്ട്. ഇവിടെ ജോലി ചെയ്യുന്നവർ ബസ് സൗകര്യമില്ലാതെ വലയുകയാണ്.

കൊല്ലം - പത്തനംതിട്ട റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.‌ടി.സി ബസുകൾ 15

കൊല്ലം ഡിപ്പോ : 6

പത്തനംതിട്ട ഡിപ്പോ : 6

അടൂർ ഡിപ്പോ : 3

സർവീസ് സമയം പുലർച്ചെ 5 മുതൽ 20 മിനിട്ട് ഇടവിട്ട് രാത്രി 9 വരെ.

Advertisement
Advertisement