അഗ്‌നി രക്ഷാസേനയുടെ ജല രക്ഷാദിനം ഇന്ന്
Sunday 25 July 2021 12:20 AM IST
പത്തനംതിട്ട : അഗ്നിരക്ഷാ സേന ഇന്ന് ജലദിനമായി ആചരിക്കുകയാണ്. വെള്ളത്തിൽ വീണ് സംസ്ഥാനത്ത് വർഷംതോറും രണ്ടായിരത്തിലധികം ആളുകൾ മരണപ്പെടുന്നതായാണ് കണക്ക്. ഇത്തരം സാഹചര്യത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി ജൂലായ് 25 അഗ്‌നി രക്ഷാസേന ജല രക്ഷാദിനമായി കേരളത്തിൽ ആചരിക്കുന്നു. ആളുകൾ വെള്ളത്തിൽ വീഴുമ്പോൾ രക്ഷപെടുത്താൻ ഇറങ്ങുന്നവരും അപകടത്തിൽപെടുന്നത് കൂടി കണക്കിലെടുത്ത് അഗ്നി രക്ഷാസേന സുരക്ഷാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.
അപകടം ഒഴിവാക്കാനുള്ള മുൻകരുതലുകൾ
- കിണറുകളിൽ നിർബന്ധമായും ആൾമറ നിർമ്മിക്കണം
- മദ്യപിച്ചോ ലഹരി ഉപയോഗിച്ചോ കിണറിനുള്ളിൽ ഇറങ്ങരുത്
- കിണർ വൃത്തിയാക്കാൻ ഇറങ്ങുന്നതിനു മുമ്പ് കിണറിനുള്ളിൽ മതിയായ വായു സഞ്ചാരം ഉണ്ടെന്ന് ഉറപ്പ് വരുത്തണം. ഇതിനായി ഒരു മെഴുകുതിരി കത്തിച്ച് കിണറിനുള്ളിലേക്ക് ഇറക്കുക. തീ അണഞ്ഞാൽ കിണറിനുള്ളിൽ ശുദ്ധവായു കുറവാണ് എന്ന് മനസിലാക്കാം.
- വായുവിന്റെ സാന്നിദ്ധ്യം അറിയുന്നതിനായി കിണറിനുള്ളിലേക്ക് ഓലച്ചൂട്ട്, പേപ്പർ എന്നിവ കത്തിച്ച് ഇറക്കരുത്.
- പമ്പ് സെറ്റ് ഉപയോഗിക്കുന്ന കിണറുകളിൽ ശുദ്ധവായുവിന്റെ അളവ് വളരെ കുറവായിരിക്കും.
- രണ്ടാമതൊരാൾ നിർബന്ധമായും കിണറിനു മുകളിൽ ഉണ്ടെങ്കിൽ മാത്രമേ കിണറ്റിൽ ഇറങ്ങാവൂ.
- കിണറ്റിൽ ആള് അകപ്പെട്ടാൽ രക്ഷാ പ്രവർത്തനത്തിന് തടസമാകും വിധം ചുറ്റും കൂടി നിൽക്കരുത്.
- വായു സഞ്ചാരം ഇല്ലാത്ത കിണറുകളിൽ ഇറങ്ങുന്നതിനു മുമ്പ് ഇലകളുള്ള പച്ചിലക്കമ്പുകൾ കെട്ടിയിറക്കുകയും താഴ്ത്തുകയും ചെയ്യുന്നതും വെള്ളം തളിയ്ക്കുന്നതും വായു സഞ്ചാരം വർദ്ധിപ്പിക്കും
മറ്റ് ജലാശയങ്ങളിൽ ഇറങ്ങുമ്പോൾ
- നീന്തൽ വശമില്ലാത്തവർ ജലശയങ്ങളിൽ ഇറങ്ങരുത്
- വള്ളത്തിൽ യാത്ര ചെയ്യുന്നത് ഇരുന്ന് മാത്രം
- അപസ്മാരം, ശ്വാസകോശ രോഗങ്ങൾ ഉള്ളവർ ജലാശയങ്ങളിൽ ഇറങ്ങരുത്
- വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കരുത്.
- പരിചയമില്ലാത്തതും ഒഴുക്കുള്ളതുമായ ജലാശയങ്ങളിൽ ഇറങ്ങരുത്
- മുങ്ങിപ്പോയ ആളെ പുറത്തെടുത്ത ഉടൻ തല വശത്തേക്ക് ചരിച്ചു കിടത്തി വയറു ഭാഗത്ത് അമർത്തി ഉള്ളിലുള്ള ജലം പരമാവധി പുറത്തു കളയുക. ഉടൻ കൃത്രിമ ശ്വാസം നൽകുക
- ശ്വാസം നിലച്ച ശേഷവും മൂന്ന് മിനിറ്റോളം ഹൃദയം പ്രവർത്തിക്കും. ഏഴ് മിനിറ്റിന് ശേഷമേ മസ്തിഷ്‌ക മരണം സംഭവിക്കുകയുള്ളൂ. അതിനാൽ ആദ്യ അഞ്ച് മിനിറ്റിനുള്ളിൽ ആളെ കണ്ടെത്തിയാൽ കൃത്രിമ ശ്വാസം നൽകി രക്ഷപ്പെടുത്താം.
വി.വിനോദ് കുമാർ അഗ്നിരക്ഷാ സേന സ്റ്റേഷൻ ഓഫീസർ, അടൂർ