ഒരാഴ്‌ചയായി മാറ്റമില്ലാതെ പെട്രോൾ, ഡീസൽ വില

Sunday 25 July 2021 3:37 AM IST

കൊച്ചി: സാധാരണക്കാർക്ക് താത്കാലിക ആശ്വാസം പകർന്ന്, ഒരാഴ്‌ചയായി ഇന്ധനവില വർദ്ധിപ്പിക്കാതെ പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ. ക്രൂഡോയിൽ വില കുത്തനെ കൂടുന്നതും ഡോളറിനെതിരെ ഇന്ത്യൻ റുപ്പിയുടെ മൂല്യത്തകർച്ച മൂലം ഇറക്കുമതിച്ചെലവ് ഏറിയതും ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞമാസങ്ങളിൽ എണ്ണവിതരണ കമ്പനികൾ അനുദിനം വില കൂട്ടിയത്. ഇതോടെ രാജ്യത്ത് പെട്രോൾ, ഡീസൽ വില സർവകാല റെക്കാഡ് ഉയരത്തിലുമെത്തി. കേരളമടക്കം ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പെട്രോൾ വില ലിറ്ററിന് 100 രൂപയും പിന്നിട്ടു.

നിലവിൽ പെട്രോളിന് 103.82 രൂപയും ഡീസലിന് 96.47 രൂപയുമാണ് വില (തിരുവനന്തപുരം). ജൂലായ് 17നാണ് അവസാനമായി പെട്രോൾ വില കൂട്ടിയത് (30 പൈസ). ജൂലായ് 16ന് 17 പൈസ കൂട്ടിയ ശേഷം ഡീസൽ വിലയിലും മാറ്റമില്ല. തുടർച്ചയായ വർദ്ധനയ്ക്കിടെ ജൂലായ് 12ന് ഡീസൽ വില 17 പൈസ കുറച്ചിരുന്നു. ജൂലായ് ആറിന് ബാരലിന് 75.97 ഡോളറായിരുന്നു ഇന്ത്യയുടെ ക്രൂഡോയിൽ വാങ്ങൽച്ചെലവ് (ഇന്ത്യൻ ബാസ്‌കറ്റ്). ജൂലായ് 19ന് ഇത് 71 ഡോളറിലേക്കും 21ന് 69.56 ഡോളറിലേക്കും ഇടിഞ്ഞു. ക്രൂഡോയിൽ വില വർദ്ധനയ്ക്ക് ആനുപാതികമായി ഇന്ധനവില കൂട്ടിയ എണ്ണവിതരണ കമ്പനികൾ, ക്രൂഡോയിൽ വില കുറഞ്ഞപ്പോൾ ഇന്ധനവില കുറയ്ക്കുന്നതിന് പകരം നിലനിറുത്തുന്ന നടപടിയാണ് സ്വീകരിക്കുന്നത്.

ഗൾഫ് രാജ്യങ്ങൾ കേന്ദ്രീകരിച്ചുള്ള ബ്രെന്റ് ക്രൂഡാണ് ഇന്ത്യ കൂടുതലായും വാങ്ങുന്നത്. ഇതിന്റെ രാജ്യാന്തര വിപണിവില ഇന്നലെ ബാരലിന് 0.31 ശതമാനം വർദ്ധിച്ച് 74.10 ശതമാനത്തിൽ എത്തിയിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യൻ ബാസ്‌കറ്റ് വിലയും വർദ്ധിക്കുമെന്നതിനാൽ വൈകാതെ പെട്രോൾ, ഡീസൽ വില വീണ്ടും ഉയർന്നു തുടങ്ങുമെന്നാണ് വിലയിരുത്തലുകൾ.