ശ്രീ ഹീറോയാടാ...ഹീറോ

Saturday 24 July 2021 11:18 PM IST

ടോക്യോയിലെ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനെ 3-2ന് കീഴടക്കി ഇന്ത്യ

ഇന്ത്യയ്ക്ക് തുണയായത് ഗോൾ കീപ്പർ പി.ആർ ശ്രീജേഷിന്റെ കിടിലൻ സേവുകൾ

ടോക്യോ : ഒളിമ്പിക്സിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീം ന്യൂസിലാൻഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കിയപ്പോൾ സൂപ്പർ ഹീറോയായി മാറിയത് മലയാളത്തിന്റെ കാവൽ മാലാഖ പി.ആർ. ശ്രീജേഷ്. ഒന്നരപ്പതിറ്റാണ്ടായി ഇന്ത്യൻ വലകാക്കുന്ന ശ്രീയുടെ എണ്ണം പറഞ്ഞ സേവുകളുടെയും അവസരത്തിനൊത്ത് ഉയർന്ന പ്രതിരോധ നിരയുടെയും മികവിലാണ് ഇന്ത്യ ടോക്യോയിലെ ആദ്യ വെല്ലുവിളി മറികടന്നത്.

ഒന്നാം ക്വാർട്ടറിൽ ഒരു ഗോളിനു പിന്നിലായിരുന്ന ഇന്ത്യ മൂന്ന് ഗോളുകൾ തിരിച്ചടിച്ചാണ് വിജയം വെട്ടിപ്പിടിച്ചത്. എന്നാൽ ഒരു ഗോൾ തിരിച്ചടിച്ചും അവസാന സമയത്ത് നിരന്തരം പെനാൽറ്റി കോർണറുകൾ നേടിയും കിവികൾ സമ്മർദ്ദമേറ്റി. ഫൈനൽ വിസിലിന് തൊട്ടുമുമ്പ് തുടർച്ചയായി മൂന്ന് പെനാൽറ്റി കോർണറുകളാണ് ശ്രീജേഷും പ്രതിരോധനിരയും ചേർന്ന് തട്ടിയകറ്റിയത്. ഇരട്ട ഗോൾ നേടിയ ഹർ‌മൻപ്രീത് സിംഗും പെനാൽ‌റ്റി സ്ട്രോക്കിൽനിന്നു ലക്ഷ്യം കണ്ട രൂപീന്ദർ പാൽ സിംഗുമാണ് ഇന്ത്യയ്ക്ക് വേണ്ടി സ്കോർ ചെയ്തത്.

പൂൾ എയിലെ മറ്റൊരു മത്സരത്തിൽ ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള ആസ്ട്രേലിയ ആതിഥേയരായ ജപ്പാനെ 5–3നു തകർത്തു.

ഗോളുകൾ ഇങ്ങനെ

0-1

6-ാം മിനിട്ട്

കേൻ റസൽ(കിവീസ്)

1-1

10-ാം മിനിട്ട്

രൂപീന്ദർ പാൽ സിംഗ്

2-1

26-ാം മിനിട്ട്

ഹർമൻ പ്രീത് സിംഗ്

3-1

33-ാം മിനിട്ട്

ഹർമൻ പ്രീത് സിംഗ്

3-2

46-ാം മിനിട്ട്

സ്റ്റീഫൻ ജെന്നസ്

  1. ലോക റാങ്കിംഗിൽ 8–ാം സ്ഥാനത്താണു ന്യൂസിലാൻഡ്. ഇന്ത്യ 4–ാം സ്ഥാനത്തും
  2. ഒന്നാം സ്ഥാനക്കാരായ ആസ്ട്രേലിയയ്ക്കെതിരെയാണ് ഇന്ന് ഇന്ത്യയുടെ മത്സരം.