ഒറ്റ ദിവസം നാലരലക്ഷം കടന്ന് വാക്‌സിൻ വിതരണം

Sunday 25 July 2021 12:00 AM IST

തിരുവനന്തപുരം : സംസ്ഥാനത്തിന് അനുവദിച്ച 10ലക്ഷം ഡോസ് കെട്ടികിടക്കുന്നുവെന്ന കേന്ദ്രആരോഗ്യമന്ത്രിയുടെ വിമർശനം വന്നതിന് പിന്നാലെ ഇന്നലെ നാലരലക്ഷം പേർക്ക് വാക്‌സിൻ നൽകി ആരോഗ്യവകുപ്പ് റെക്കോർഡിട്ടു.

4,53,339 പേർക്കാണ് വാക്‌സിൻ നൽകിയത്. ഇത് ആദ്യമായാണ് ഇത്രയധികം പേർക്ക് സംസ്ഥാനത്ത് വാക്‌സിൻ നൽകുന്നത്. ഇന്നലെ ലഭിച്ച 38,860 ഡോസ് കൊവാക്‌സിൻ ഉൾപ്പെടെ ഇനി സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം വാക്‌സിൻ മാത്രമാണ് സ്റ്റോക്കുള്ളതെന്നും അത് ഇന്ന് എല്ലാവർക്കും എടുക്കാൻ പോലും തികയില്ലെന്നും ഇന്ന് കൂടുതൽ വാക്‌സിൻ കേന്ദ്ര സർക്കാർ അനുവദിച്ചില്ലെങ്കിൽ സംസ്ഥാനത്തെ വാക്‌സിനേഷൻ അനിശ്ചിതത്വത്തിലാകുമെന്നും മന്ത്രി വീണാജോർജ് അറിയിച്ചു. കേരളം വാക്‌സിൻ പൂഴ്ത്തി വച്ചിരിക്കുന്നു എന്ന പ്രചരണത്തിന്റെ പൊള്ളത്തരം ഇതോടെ പൊളിഞ്ഞെന്നും മന്ത്രി വ്യക്തമാക്കി. ഇന്നലെ 1522 വാക്‌സിനേഷൻ കേന്ദ്രങ്ങളാണ് പ്രവർത്തിച്ചത്. സർക്കാർ തലത്തിൽ 1,380 കേന്ദ്രങ്ങളും സ്വകാര്യതലത്തിൽ 142 കേന്ദ്രങ്ങളിലും വാക്‌സിൻ വിതരണം ചെയ്‌തു. 59,374 പേർക്ക് വാക്‌സിൻ നൽകിയ കണ്ണൂരാണ് മുമ്പിൽ. 53,841 പേർക്ക് വാക്‌സിൻ നൽകി തൃശൂരും 51,276 പേർക്ക് വാക്‌സിൻ നൽകി കോട്ടയവും തൊട്ട് പുറകിലുണ്ട്.

ഈ ആഴ്ച മാത്രം 16 ലക്ഷത്തോളം പേർക്കാണ് വാക്‌സിൻ നൽകിയത്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 1,83,89,973 പേർക്കാണ് വാക്‌സിൻ നൽകിയത്. അതിൽ 1,28,23,869 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 55,66,104 പേർക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നൽകിയത്. 2011ലെ സെൻസസ് അനുസരിച്ച് ആകെ ജനസംഖ്യയുടെ 38.39 ശതമാനം പേർക്ക് ഒന്നാം ഡോസും 16.66 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. ഈ സെൻസസ് അനുസരിച്ച് 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയിൽ 53.43 ശതമാനം പേർക്ക് ഒന്നാം ഡോസും 23.19 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയതായും മന്ത്രി കൂട്ടിച്ചേർത്തു.