ചങ്കാണ്, ചാനു...

Saturday 24 July 2021 11:22 PM IST

വെയ്റ്റ് ലിഫ്ടിംഗിൽ വെള്ളി മെഡൽ നേടിയ മീരാഭായ് ചാനു വെല്ലുവിളികളെ അതിജീവിച്ച് മുന്നേറിയ കഥ

ടോക്യോയിൽ ഇന്നലെ മീരാഭായ് ചാനു സായ്ക്കോം ഉയർത്തിപ്പിടിച്ചത് 202 കിലോയല്ല ; 130 കോടി ഇന്ത്യക്കാരുടെ അഭിമാനമാണ്. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഇന്ത്യ ഒളിമ്പിക്സ് വെയ്റ്റ് ലിഫ്ടിംഗിൽ ഒരു മെഡൽ നേടുന്നത്. ടോക്യോയിലേക്ക് ഇന്ത്യ അയച്ച ഏക ഭാരോദ്വഹനതാരവും ചാനുവാണ്. വെല്ലുവിളികളോടും വൈതരണികളോടും പടവെട്ടിയാണ് ചാനുവിലെ ചാമ്പ്യൻ ടോക്യോയിലെ മെഡൽ പോഡിയം വരെയെത്തിയത്. പിന്നിട്ട വഴികളുടെ കാഠിന്യം ചാനുവിന്റെ വെള്ളിക്ക് സ്വർണത്തിളക്കമേകുന്നു.

വിറക് ചുമന്ന് ചാമ്പ്യൻ

മണിപ്പൂരിലെ നോംഗ്പോക് കാക്ചിംഗ് എന്ന ഗ്രാമത്തിലായിരുന്നു ചാനുവിന്റെ ജനനം.മലമുകളിലെ വീട്ടിലേക്ക് കാട്ടിൽ നിന്ന് ശേഖരിക്കുന്ന വിറകും തോളിലേറ്റിയുള്ള കുഞ്ഞുചാനുവിന്റെ വരവാണ് അവളുടെ ആദ്യ ഭാരോദ്വഹനം. അമ്മയ്ക്കും ജ്യേഷ്ഠനുമൊപ്പം വിറകെടുക്കാൻ പോയ പന്ത്രണ്ടുകാരിയായ ചാനു അമ്മയക്ക് തലയിലേറ്റാൻ കഴിയാതിരുന്ന വലിയ കെട്ട് ഒറ്റയ്ക്ക് തലയിലേറ്റി കുന്ന് കയറി വീട്ടിലെത്തിച്ചു. മകളുടെ കരുത്ത് അന്നാണ് അമ്മ ആദ്യമായി തിരിച്ചറിഞ്ഞത്. അവളെ കായിക താരമാക്കാനും അമ്മയ്ക്ക് അതോടെ താത്പര്യമായി.

കൊതിച്ചത് അമ്പെയ്യാൻ

ചാനുവിന്റെ സഹോദരങ്ങൾ ഫുട്ബാൾ കളിക്കാരായിരുന്നു. ദേഹത്ത് ചെളിയാകുമെന്നതിനാൽ ചാനുവിന് ഫുട്‌ബാളിനോട് കമ്പം തോന്നിയില്ല. വൃത്തിയുള്ള ഒരു കളിയോടായിരുന്നുതാത്പര്യം. അങ്ങനെയാണ് അമ്പെയ്ത്തിനോട് താത്പര്യം തോന്നിയത്. അടുത്ത വർഷം അമ്പെയ്ത്തുകാരിയാവുന്നത് സ്വപ്‌നം കണ്ട് തലസ്ഥാനമായ ഇംഫാലിലെ സായി സെന്ററിലെത്തിയ ചാനുവിന് നിരാശയായിരുന്നു ഫലം. അന്നവിടെ ആർച്ചറി പരിശീലനം നൽകുന്നുണ്ടായിരുന്നില്ല. സങ്കടവുമായി ചാനു വീട്ടിലേയ്ക്ക് മടങ്ങി.

പ്രചോദനം കുഞ്ചറാണി

ആ സമയത്താണ് മണിപ്പൂരുകാരിയായ വെയ്റ്റ് ലിഫ്ടിംഗിലെ സൂപ്പർ താരം കുഞ്ചറാണി ദേവിയുടെ ഒരു വീഡിയോ ചാനു കാണുന്നത്. തന്റെ വഴിയും ഇതുതന്നെയെന്ന് തിരിച്ചറിഞ്ഞു. ഇംഫാലിൽ മടങ്ങിയെത്തി. ഇന്ത്യൻ വെയ്റ്റ് ലിഫ്ടിംഗ് താരം അനിത ചാനുവിനെ കണ്ടു. അനിത പകർന്നു നൽകിയ ആത്മവിശ്വാസവുമായി ഭാരോദ്വഹനത്തിൽ ഒരു കൈ നോക്കാനിറങ്ങിയതാണ്. ഇപ്പോൾ ടോക്യോയിലെ ഒളിമ്പിക് മെഡലിലെത്തി നിൽക്കുന്നു.

റിയോയിലെ വേദന

കോമൺവെൽത്ത് ഗെയിംസിലെയും ലോക ചാമ്പ്യൻഷിപ്പുകളിലെയും മികച്ച പ്രകടനം 2016ലെ റിയോ ഒളിമ്പിക്സിൽ ചാനുവിന്റെ മേൽ മെഡൽ പ്രതീക്ഷയേകിയിരുന്നു. എന്നാൽ റിയോ ചാനുവിന്റെ ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ നിമിഷമായി മാറി. ക്ലീൻ ആൻഡ് ജർക്കിലും സ്നാച്ചിലുമായി ലഭിച്ച ആറ് അവസരങ്ങളിൽ ഒരിക്കൽ മാത്രമാണ് ഭാരം വിജയകരമായി ഉയർത്താനായത്. പാട്യാലയിലെ സെലക്ഷൻ ട്രയൽസിലെ പ്രകടനം പോലും ആവർത്തിക്കാവാതെ കടുത്ത നിരാശയിലാണ് ചാനു റിയോ വിട്ടത്.

ലോക ചാമ്പ്യൻ ചാനു

ഒളിമ്പിക്സിലെ പ്രകടനത്തിന്റെ പേരിലുയർന്ന വിമർശനങ്ങളിൽ ചാനു തളർന്നില്ല. തൊട്ടടുത്ത വർഷം അമേരിക്കയിൽ വച്ച് ലോകചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയായിരുന്നു ചാനുവിന്റെ മറുപടി. അടുത്ത വർഷം മെൽബണിൽ നടന്ന കോമൺവെൽത്ത് ഗെയിംസിലും സുവർണപ്രകടനം ആവർത്തിച്ചു. 2014 കോമൺവെൽത്ത് ഗെയിംസിൽ വെള്ളി നേടിയിരുന്നു.

പരിക്കിന്റെ കെണി

തിളക്കത്തിലേക്ക് തിരിച്ചുവന്നെങ്കിലും നടുവേദനയുടെ രൂപത്തിൽ പുതിയ വെല്ലുവിളിയെത്തി. കരിയർ അവസാനിപ്പിക്കേണ്ടി വരുമോയെന്ന് ഭയന്നെങ്കിലും തോറ്റുകൊടുക്കാൻ ചാനു ഒരുക്കമായിരുന്നില്ല. മത്സരവിഭാഗം മാറുകയായിരുന്നു പോംവഴി. അങ്ങനെയാണ് കഴിഞ്ഞ ഫെബ്രുവരിയിൽ സ്ഥിരം മത്സരിക്കാറുള്ള 48 കിലോഗ്രാം ഭാരത്തില്‍ നിന്ന് 49 കിലോഗ്രാം വിഭാഗത്തിലേയ്ക്ക് മാറുന്നത്. പരിക്കിനെ അതിജീവിക്കാൻ പരിശീലകൻ വിജയ് ശർമയാണ് അമേരിക്കയിലെ സെന്റ് ലൂയിസിലെ വിഖ്യാത ഫിസിയോതെറാപിസ്റ്റ് ഡോ. ആരൺ ഹോഷിഗിന്റെ അടുക്കലെത്തിക്കുന്നത്. അമേരിക്കൻ മേജർ ലീഗ് ബേസ്‌ബാളിലെയും നാഷണൽ ഫുട്‌ബാൾ ലീഗിലെയും താരങ്ങളെ ചികിത്സിക്കുന്ന ഡോ. ആരൺ ചുമലിലും ഇടുപ്പിലും ഗുരുതരമായി പരിക്കേറ്റ ചാനുവിന്റെ ചികിത്സ ഏറ്റെടുത്തു. അത്ഭുതകരമായിരുന്നു അവിടുന്നുള്ള തിരിച്ചുവരവ്. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം മാത്രമല്ല, ലോക റെക്കോഡ് തിരുത്തുക കൂടി ചെയ്താണ് ചാനു തന്റെ രണ്ടാംവരവറിയിച്ചത്.

Advertisement
Advertisement