ട്യൂഷൻ സെന്ററുകൾ തുറക്കേണ്ട, പക്ഷെ,​ ജീവിക്കാൻ ഒരു വഴി പറയൂ...

Sunday 25 July 2021 12:02 AM IST

കോഴിക്കോട്: കൊവിഡ് അടച്ചിടലിന് അയവുവന്നെങ്കിലും ഇളവിൽ ഇടം കിട്ടാതെ ട്യൂഷൻ സെന്ററുകൾ. ഒന്നര വർഷമായി അടഞ്ഞുകിടക്കുന്നതിനാൽ ജീവിക്കാൻ വഴിയില്ലാതെ ആത്മഹത്യയുടെ വക്കിലാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ. ഉയർന്ന വിദ്യാഭ്യാസ യോഗ്യയുണ്ടായിട്ടും പല കാരണങ്ങളാൽ ട്യൂഷൻ സെന്ററുകളിൽ ജീവിച്ചുതീർക്കാൻ വിധിക്കപ്പെട്ടവരാണ് അദ്ധ്യാപകരിൽ പലരും. പിടിച്ചുനിൽക്കാനായി ഓൺലൈൻ ക്ലാസുകൾ തുടങ്ങിയെങ്കിലും കൃത്യമായി ഫീസ് ലഭിക്കാത്തതിനാൽ വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. കുട്ടികൾ തുടക്കത്തിൽ കാണിച്ച താത്പര്യം പിന്നീട് കുറഞ്ഞതും തിരിച്ചടിയായി. ഒന്നാം ലോക്ക് ഡൗണിന് ശേഷം ഒരു മാസം തുറക്കാൻ അനുമതി കിട്ടിയിരുന്നു.എന്നാൽ കൊവിഡ് ഭീതി കാരണം കുട്ടികൾ എത്തിയിരുന്നില്ല. പുതിയ അദ്ധ്യയന വർഷത്തിന്റെ ആരംഭത്തിൽ രണ്ടാം അടച്ചിടൽ വന്നതോടെ സ്ഥിതി വീണ്ടും രൂക്ഷമാക്കി. സെന്ററുകളിൽ പലതിലും ഈ വർഷം പ്രവേശനം നടന്നിട്ടില്ല. കൊവിഡ്‌ വ്യാപന ഭീതിയിൽ ഹോം ട്യൂഷനും നിലച്ചു. വലിയ വാടകയും വൈദ്യുതി നിരക്കും നൽകി പ്രവർത്തിച്ചിരുന്ന പല ട്യൂഷൻ സെന്ററുകളും കടുത്ത പ്രതിസന്ധിയിലാണ്. ശമ്പളം കിട്ടാത്തതിനാൽ പലരും പിരിഞ്ഞുപോയി. കുറെപേരെ മാനേജ്മെന്റ് പിരിച്ചുവിട്ടു. അടച്ചിടൽ നീളുന്ന സാഹചര്യത്തിൽ എന്തുചെയ്യുമെന്ന ആശങ്കയിലാണ് ഉടമകളും അദ്ധ്യാപകരും.

''10 കുട്ടികളെ വെച്ചെങ്കിലും ക്ളാസെടുക്കാൻ അനുവദിക്കണം. അല്ലാതെ മുന്നോട്ട് പോകാൻ കഴിയില്ല. ലോൺ എടുത്താണ് കുടുബം പുലർത്തുന്നത്'' ബിനു. മാസ്റ്റേസ് ഹെറിറ്റേജ് ട്യൂഷൻ സെൻറർ,​ വെസ്റ്റ് ഹിൽ

Advertisement
Advertisement