വിവാഹം മുടങ്ങുന്നതിനെ ചൊല്ലി തർക്കം:  ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു 

Sunday 25 July 2021 12:32 AM IST
കൊല്ലപ്പെട്ട നിസാർ

കാസർകോട്: പുത്തിഗെ മുഗുവിൽ വിവാഹാലോചന മുടങ്ങുന്നതിനെ ചൊല്ലിയുള്ള വഴക്കിനിടെ ജ്യേഷ്ഠന്റെ കുത്തേറ്റ് അനുജൻ മരിച്ചു. അബ്ദുല്ലയുടെ മകൻ മുഹമ്മദ് നിസാർ (35) ആണ് ഇന്നലെ ഉച്ചയോടെ മരിച്ചത്. കൊലയ്ക്ക് ശേഷം വീടിന്റെ പിറകിലെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന ജ്യേഷ്ഠൻ മുഹമ്മദ് റഫീഖിനെ (40)​ബദിയടുക്ക പൊലീസ് കസ്റ്റഡിയിലെടുത്തു.

വിവാഹത്തിന്റെ പേരിൽ ഇരുവരും തമ്മിൽ കുറച്ചുനാളുകളായി തർക്കങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. തനിക്കുള്ള വിവാഹാലോചനകൾ റഫീഖ് മുടക്കുന്നെന്ന് ആരോപിച്ചായിരുന്നു വഴക്ക്. ഒരാഴ്ച മുമ്പ് ഇതേ പ്രശ്നത്തിൽ ഇരുവരും ഏറ്റുമുട്ടുകയും ചെയ്തു. തന്റെ വിവാഹം മുടക്കുന്ന ജ്യേഷ്ഠൻ വീട്ടിൽ താമസിക്കുന്നത് നിസാർ തടഞ്ഞിരുന്നു.പീഡന കേസിലും കൊലപാതകശ്രമ കേസിലും പ്രതിയായി ജയിലിലായിരുന്നപ്പോൾ ജാമ്യത്തിലെടുക്കാൻ ചെല്ലാത്തതിന്റെ വിരോധവും മുഹമ്മദ് റഫീഖിനോട് സഹോദരന് ഉണ്ടായിരുന്നു. അഞ്ചുമാസം ജയിലിൽ കിടന്ന ശേഷം അടുത്തിടെയാണ് നിസാർ പുറത്തിറങ്ങിയത്. ഇന്നലെ ഇതിനെ ചൊല്ലി വീട്ടിൽ വച്ചുണ്ടായ തർക്കമാണ് കൊലയിൽ കലാശിച്ചത്.വിവരമറിഞ്ഞെത്തിയ ബദിയടുക്ക പൊലീസ് കുത്തേറ്റു കിടന്ന നിസാറിനെ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച റഫീഖിനെ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്.കൊലയ്ക്കുപയോഗിച്ച കത്തി വീട്ടിൽ നിന്നും കണ്ടെടുത്തു.റഫീഖിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.

Advertisement
Advertisement