മതത്തിന്റെ മതിൽക്കെട്ടുകൾ തകർത്ത പ്രണയം, പക്ഷേ...

Sunday 25 July 2021 12:33 AM IST
രാജേഷും ധന്യയും

കൊല്ലം: ജാതിമത വ്യത്യാസങ്ങളുടെ മതിൽക്കെട്ടുകളും പ്രതിസന്ധികളും തരണംചെയ്ത് ഒന്നിച്ചിട്ടും തുടർന്നുള്ള ജീവിതം സഫലമാക്കാൻ കഴിയാതെയാണ് ധന്യ വിട വാങ്ങിയത്. ക്രൈസ്തവ വിശ്വാസിയായ ധന്യാദാസും ഹൈന്ദവ വിശ്വാസിയായ രാജേഷും പ്രണയ സാഫല്യത്തിനായി കാത്തിരുന്നത് എട്ട് വർഷമാണ്.

ഇരുവീട്ടുകാരുടെയും എതിർപ്പുകളെ അവഗണിച്ച് ഒന്നാകാൻ കാത്തുനിന്നപ്പോൾ ഇരുവരുടെയും ഇഷ്ടത്തിന് വഴങ്ങാൻ ബന്ധുക്കൾ നിർബന്ധിതരായി. ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ കൂടിവന്നതോടെ ഇക്കഴിഞ്ഞ മേയിൽ ധന്യയെ രാജേഷ് വീട്ടിൽ നിന്ന് വിളിച്ചിറക്കി ഒപ്പം കൂട്ടുകയായിരുന്നു. പിന്നീട് വീട്ടുകാർ ധന്യയെ വീട്ടിലേക്ക് മടക്കിക്കൊണ്ട് വരികയും വിവാഹം നടത്തിക്കൊടുക്കുകയുമായിരുന്നു.

സമീപവാസികളായ രാജേഷും ധന്യയും കുട്ടിക്കാലം മുതൽ സൗഹൃദത്തിലായിരുന്നു. ഇത് പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. വലിയ സൗഹൃദ വലയമുണ്ടായിരുന്ന രാജേഷിന് മദ്യപാനശീലമുണ്ടായിരുന്നു. ടിപ്പർ ലോറി ഡ്രൈവറായ രാജേഷിന്റെ ദുശീലം ധന്യയ്ക്ക് തീരെ ഇഷ്ടമല്ലായിരുന്നു. പലപ്പോഴും ഇതുമൂലം ദമ്പതികൾ തമ്മിൽ വാക്കുതർക്കമുണ്ടായി.

ധന്യ ആത്മഹത്യ ചെയ്യുന്നതിന്റെ തലേദിവസം രാത്രി വാക്കുതർക്കത്തെ തുടർന്ന് രാജേഷ് പിണങ്ങി വീടിനോട് ചേർന്ന് നിറുത്തിയിരുന്ന ടിപ്പറിലാണ് കിടന്നുറങ്ങിയത്. രാത്രിയിൽ ധന്യയെത്തി വിളിച്ച് കിടപ്പുമുറിയിലെത്തിച്ചെങ്കിലും പിണക്കം മാറതെ രാജേഷ് നിലത്തുകിടന്ന് ഉറങ്ങുകയായിരുന്നു, പുലർച്ചെ നാലോടെ ഓട്ടം പോകാനായി എഴുന്നേറ്റപ്പോഴാണ് ജനലിൽ തൂങ്ങിയ നിലയിൽ ധന്യയെ കണ്ടെത്തിയത്.

Advertisement
Advertisement