സെൻട്രൽ ജയിലുകളിൽ തടവുകാരുടെ ഫോൺവിളി റെക്കാർഡ് ചെയ്യും

Sunday 25 July 2021 12:46 AM IST

തിരുവനന്തപുരം: തടവുകാർ ജയിലിൽ നിന്ന് പുറത്തെ കുറ്രകൃത്യങ്ങൾ ആസൂത്രണം ചെയ്യുന്നതായി ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ സെൻട്രൽ ജയിലുകളിൽ തടവുകാരുടെ ഫോൺവിളി റെക്കാർഡ് ചെയ്യും. മൊബൈൽ സേവനദാതാക്കളുടെ സഹകരണത്തോടെ പൂജപ്പുരയിൽ ഇതിനുള്ള ഉപകരണങ്ങൾ സ്ഥാപിച്ചു. മറ്റ് സെൻട്രൽ ജയിലുകളിൽ ഉടൻ സംവിധാനം ഒരുക്കും.

ബന്ധുക്കളുടേതടക്കം മൂന്നോ നാലോ നിശ്ചിത നമ്പറുകളിലേക്കേ തടവുകാർക്ക് വിളിക്കാനാവൂ. ഇതിനായി മാസം 450 രൂപയുടെ സ്മാർട്ട് കാർഡ് അധിഷ്ഠിത സൗകര്യമുണ്ട്. ഈ സൗകര്യം ഉപയോഗിച്ച് ചില പ്രതികൾ കോൺഫറൻസ് കാൾ വഴി ക്രിമിനൽ സംഘങ്ങളുമായി ആശയവിനിമയം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് റെക്കാർഡിംഗ് നടത്തുന്നത്. കാൾ കോൺഫറൻസ് സംവിധാനം ഒഴിവാക്കാനാവില്ലെന്ന് സേവനദാതാക്കൾ അറിയിച്ചു.

തടവുകാർക്ക് ആഴ്ചയിൽ രണ്ടുദിവസമാണ് ഫോൺ ചെയ്യാൻ അനുമതിയുള്ളത്. കോഫെപോസ തടവുകാർക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ ഫോൺ ചെയ്യാം. കൊവിഡ് കാരണം സന്ദർശനവിലക്കുള്ളതിനാൽ മാസം 450 രൂപയ്ക്ക് ഫോൺ വിളിക്കാം. നേരത്തെ ഇത് 250 രൂപയായിരുന്നു.