കടക്കയങ്ങളിൽ നിന്ന് ഇവരെ ആര് സംരക്ഷിക്കും ?​

Sunday 25 July 2021 2:15 AM IST

എല്ലാ ദിവസവും കടകൾ തുറന്ന് പ്രവർത്തിപ്പിച്ചാൽ കൊവിഡ് അപകടകരമായി പടരുമെന്ന അധികൃതരുടെ ന്യായം യുക്തിക്ക് നിരക്കാത്തതും വിവിധ രംഗങ്ങളിൽ ഉപജീവനം തേടുന്നവരെ കടക്കയത്തിലാക്കുന്നതുമാണ്.

നിയന്ത്രണങ്ങളോടെ ദിവസവും വ്യാപാരസ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കാതെ ഒരടി ജീവിതം മുന്നോട്ടു പോവില്ല. താത്കാലിക ആശ്വാസമോ വായ്‌പാ സഹായമോ ഇതിന് പ്രതിവിധിയാകുമെന്ന് കരുതരുത്. ഉപജീവനമാർഗം മുട്ടിയും കടം കയറിയും കടുത്ത നിരാശബാധിച്ച ലക്ഷക്കണക്കിന് ആളുകൾ ഉണ്ടെന്നത് കാണാതെ പോകരുത്. നിത്യവരുമാനത്തിൽ നിന്ന് കടവും ലോണും തീർത്തുകൊണ്ടിരുന്ന മനുഷ്യർക്ക് കൂടുതൽ വായ്‌പ നല്‌കി തത്കാല ശാന്തി നല്‌കാമെന്നാണോ?​ മണ്ടത്തരമാണ് ഈ ചിന്ത.

വാഹനങ്ങൾ ഓടിക്കാൻ ഉടമകൾ തയാറാണെങ്കിലും കടുത്ത നിയന്ത്രണം കാരണം വാഹനങ്ങൾ പലതും കട്ടപ്പുറത്തായി.

യന്ത്രത്തകരാർ മൂലം വാഹനങ്ങൾ തുരുമ്പെടുത്തു. ബാറ്ററികൾ നിശ്ചലമായി. ലൈറ്റ് ആൻഡ് സൗണ്ട് രംഗത്തുള്ളവരും ജീവിതം പാതിവഴിയിൽ അവസാനിപ്പിക്കുന്ന രംഗങ്ങൾ കാണുന്നു. ആഴ്‌ചയിൽ നിശ്ചിത ദിവസങ്ങളിൽ മാത്രം സ്ഥാപനങ്ങളും കടകളും പ്രവർത്തിക്കുന്നത് തിരക്ക് വർദ്ധിപ്പിക്കാനും രോഗവ്യാപനം കൂട്ടാനും മാത്രമേ സഹായിക്കൂ എന്ന് വിദഗ്ദ്ധർ ഉപദേശിച്ചിട്ടും ചെവിക്കൊള്ളാത്തത് കഷ്‌ടമാണ്.

പ്രമോദ് നായർ

ഇറവങ്കര,​ മാവേലിക്കര

Advertisement
Advertisement