ബാങ്ക് തട്ടിപ്പ്: സി.ബി.ഐ അന്വേഷിക്കാൻ കോടതിയെ സമീപിക്കും- ബി.ജെ.പി

Sunday 25 July 2021 2:20 AM IST

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ്‌കുമാർ. സി.പി.എം സംസ്ഥാന-ജില്ലാ നേതാക്കൾക്ക് തട്ടിപ്പിൽ പങ്കുണ്ട്. മുഖ്യ പ്രതി ബിജു കരീം മുൻ മന്ത്രി എ.സി. മൊയ്തീന്റെ ബന്ധുവാണെന്നും അനീഷ് കുമാർ ആരോപിച്ചു. നടപടിയെടുക്കാൻ പാർട്ടി നേതൃത്വം തയ്യാറാവാത്തത് ഉന്നത നേതാക്കൾക്ക് പങ്കുള്ളതുകൊണ്ടാണ്. കേന്ദ്ര എജൻസികൾ അന്വേഷിക്കാതെ ക്രമക്കേട് പുറത്തു വരില്ല. കുറ്റക്കാർ ശിക്ഷിക്കപ്പെടില്ല.

സി.പി.എം തിരഞ്ഞെടുപ്പിലൊഴുക്കിയത് ബാങ്കിലെ പണമാണ്. സഹകരണ വകുപ്പും വിജിലൻസും അന്വേഷണം നടത്തിയാലും ഒന്നും പുറത്തുവരാൻ പോകുന്നില്ല. തട്ടിപ്പിന് പിന്നിൽ ഉന്നതരാണ്. ഇതുസംബന്ധിച്ച് കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് പരാതി നൽകിയിട്ടുണ്ട്. കേന്ദ്ര ഏജൻസി അന്വേഷിച്ചാൽ മാത്രമേ സത്യം പുറത്തുവരൂ. കൊടകര കുഴൽപ്പണക്കേസിൽ സ്വപ്നലോകത്ത് നിന്ന് കൊണ്ടാണ് അന്വേഷണസംഘം കുറ്റപത്രം തയ്യാറാക്കിയതെന്നും അനീഷ്‌കുമാർ ആരോപിച്ചു.

Advertisement
Advertisement