ബി.ജെ.പി നേതാക്കൾ സാക്ഷികളായത് ഒത്തുതീർപ്പ്: പ്രതിപക്ഷനേതാവ്

Sunday 25 July 2021 2:36 AM IST

തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിൽ മണി ലോണ്ടറിംഗ് ആക്ട് അനുസരിച്ച് പ്രതികളാകേണ്ടിയിരുന്ന ബി.ജെ.പി നേതാക്കൾ ഇപ്പോൾ കവർച്ചാക്കേസിലെ സാക്ഷികൾ മാത്രമായത് ഡൽഹിയിൽ നടത്തിയ ഒത്തുതീർപ്പ് ചർച്ചയുടെ പരിണിതഫലമെന്ന് പരിഹസിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ഇക്കാര്യത്തിൽ പൊലീസന്വേഷണത്തോടൊപ്പം ഇ.ഡിയെയും ഇൻകം ടാക്സിനെയും അറിയിച്ച് അന്വേഷണം നടത്തിക്കാൻ താൻ പറഞ്ഞപ്പോൾ ബി.ജെ.പിയെ സഹായിക്കാനാണെന്ന് മുഖ്യമന്ത്രി പരിഹസിച്ചതും അന്നത്തെ ചർച്ചയുടെ വീഡിയോദൃശ്യം സഹിതമുള്ള ഫേസ്ബുക്ക് പോസ്റ്റിൽ പ്രതിപക്ഷനേതാവ് ഓർമ്മിപ്പിച്ചു. ഈ പോസ്റ്റ് ഇന്നലെ വൈറലായി.

മണി ലോണ്ടറിംഗ് ആക്ട് സെക്‌ഷൻ 64 എഫ് അനുസരിച്ച് സംസ്ഥാന പൊലീസ് ഇൻകം ടാക്സിന് ഇത് വിടേണ്ടതായിരുന്നു. അഞ്ച് കോടിയിൽ കൂടുതൽ വരുന്ന സാമ്പത്തികത്തട്ടിപ്പ് കേസാണെന്ന് ചൂണ്ടിക്കാട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും കേസ് റഫർ ചെയ്യാമായിരുന്നു. പൊലീസിന് ഇവിടെ നടത്തിവരുന്ന കേസ് തുടരുകയും ചെയ്യാം.

എന്നാൽ, കെ. സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ സാക്ഷികളാക്കപ്പെട്ടതോടെ, താൻ നിയമസഭയിൽ ഉന്നയിച്ച വാദം ശരിയായില്ലേയെന്നാണ് പ്രതിപക്ഷനേതാവിന്റെ ചോദ്യം.

Advertisement
Advertisement