കൊള്ള മുതൽ പങ്കുവയ്ക്കുന്നതിനെ ചൊല്ലിയും തർക്കം

Sunday 25 July 2021 2:55 AM IST

തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചയ്ക്ക് ശേഷം പണം വീതം വയ്ക്കുന്നതിനെ ചൊല്ലി ഒന്നാം പ്രതി മുഹമ്മദ് അലിയും മൂന്നാം പ്രതി രഞ്ജിതും തമ്മിൽ ഇടഞ്ഞുവെന്ന് പൊലീസ്. മുഹമ്മദലി മറ്റൊരു പ്രതി സുജീഷുമൊത്ത് 1.77 കോടി രൂപയുമായാണ് കവർച്ച നടന്ന ഏപ്രിൽ മൂന്നിന് വൈകിട്ട് നാലിന് കാറിൽ മട്ടന്നൂരിലുള്ള സ്വവസതിയിലേക്ക് പോയതെന്നും പ്രതികൾ മൊഴി നൽകി. അടുത്ത ദിവസം തുക വീതം വയ്ക്കാമെന്നും ധാരണയുണ്ടാക്കി.

മറ്റ് പ്രതികളായ ബഷീർ, സുൾഫിക്കർ, അബ്ദുൾ സലാം, റൗഫ് എന്നിവർ കവർച്ച നടന്നുവെന്ന് ഉറപ്പാക്കാൻ പൂമല സ്വദേശിയും അബ്ദുൾ സലാമിന്റെ സുഹൃത്തുമായ ജാക്‌സന്റെ (കേസിലെ സാക്ഷി) വീട്ടിലെത്തി. കവർച്ചയ്ക്ക് ശേഷം ചെയ്യേണ്ട കാര്യങ്ങൾ സംബന്ധിച്ച് മുമ്പേ ധാരണയുണ്ടാക്കിയിരുന്നു. കവർച്ചയ്ക്ക് ശേഷം പ്രതികളെല്ലാം സ്വന്തം താവളങ്ങളിലെത്തി. പിറ്റേന്നാണ് 1.77 കോടി വീതം വച്ചത്.

കാറിൽ ഇടിച്ചത് ഏഴാം പ്രതി

കാർ ഇടിച്ച് അപകടമുണ്ടാക്കിയ ശേഷം ഏഴാം പ്രതി ലബീബാണ് ആദ്യം ഇറങ്ങി ലിവർ കൊണ്ട് പണം കൊണ്ടുവന്ന എർട്ടിഗ കാറിന്റെ ഇടതുവശത്തെ വിൻഡോ ഗ്ലാസ് അടിച്ചു പൊട്ടിച്ചത്. മാർട്ടിൻ, അഭിജിത്, അബ്ദുൾ ഷാഹിദ്, ഷുക്കൂർ എന്നിവർ ചേർന്നാണ് കാറിൽ നിന്ന് ഡ്രൈവറെയും റഷീദിനെയും വലിച്ചിറക്കിയത്. റഷീദാണ് പണവുമായെത്തുന്ന വിവരം ചോർത്തി നൽകിയത്. ധർമ്മരാജന്റെ ഫോൺ കോളുകൾ പരിശോധിച്ചാണ് സാക്ഷിപ്പട്ടിക തയ്യാറാക്കിയത്.

30.29 ലക്ഷത്തിന്റെ സ്വർണ്ണാഭരണങ്ങൾ

പ്രതികൾ കവർന്ന 3.5 കോടി രൂപയിൽ 1.16 കോടി രൂപ പണമായും 30.29 ലക്ഷം രൂപ മൂല്യം വരുന്ന സ്വർണാഭരണങ്ങൾ, വാച്ചുകൾ, മൊബൈൽ ഫോണുകൾ, വിവിധ ബാങ്ക് അക്കൗണ്ടുകളിലായി മരവിപ്പിച്ച അക്കൗണ്ടുകൾ ഉൾപ്പെടെ 1.46 കോടി രൂപ കണ്ടെടുത്തു.

Advertisement
Advertisement