വാക്‌സിൻ വിതരണത്തിൽ കേരളം ഏറെ പിന്നിൽ; മുന്നിലുള‌ളത് യു‌ പി, നൽകിയത് സംസ്ഥാനത്തിന്റെ ഇരട്ടി ഡോസെന്ന് വിവരം

Sunday 25 July 2021 1:16 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിൻ വിതരണം കാര്യക്ഷമമാണെന്ന ആരോഗ്യവകുപ്പിന്റെ അവകാശവാദമുണ്ടെങ്കിലും കാര്യങ്ങൾ അങ്ങനെയല്ല എന്ന തരത്തിലാണ്. കേന്ദ്രത്തിൽ നിന്നും വിതരണം ചെയ്‌ത വാക്‌സിൻ സ്‌പോ‌ട്ട് രജിസ്‌ട്രേഷൻ വഴിയാണ് നൽകുന്നത്. ഇതും മിക്കയിടത്തും താറുമാറാണ്.

സർക്കാരിന്റെ വിതരണ കേന്ദ്രങ്ങളിലെ വാക്‌സിനുകൾ പാർട്ടി വ്യത്യാസമില്ലാതെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളും വീതം വച്ചെടുക്കുന്നത് കാരണം ഓൺലൈൻ വഴി വിതരണം പലയിടത്തും ഭാഗികമാണ്. രണ്ടാം ഡോസ് വാക്‌സിനെടുക്കാൻ കൊവിൻ പോർട്ടലിലെ മെസേജ് ലഭിച്ചവർക്ക് വിതരണ കേന്ദ്രത്തിലെത്തുമ്പോൾ വാക്‌സിൻ ലഭ്യമല്ലാത്ത സ്ഥിതിയാണ്.

പോർട്ടലിൽ കയറുമ്പോൾ പ്രായഭേദമന്യേ എല്ലാ സ്ളോട്ടും ബുക്കായതായാണ് കാണിക്കുന്നത്. കോളേജ് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഉടൻ വാക്‌സിൻ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചത് ഇതുവരെ കാര്യക്ഷമമായി തുടങ്ങിയിട്ടില്ല. മുൻഗണനാ ക്രമമനുസരിച്ച് അറുപതിലധികം വിഭാഗങ്ങൾക്ക് പ്രാമുഖ്യം നൽകി സർക്കാർ ഉത്തരവുണ്ടെങ്കിലും പോർട്ടലിൽ ഇതൊന്നും കാണാനില്ല.

സംസ്ഥാനത്ത് എന്നാൽ 100 ശതമാനം ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് മുൻനിര പോരാളികൾക്കും ഒന്നാം ഡോസ് വാക്‌സിൻ ലഭിച്ചു. രണ്ടാം ഡോസ് ലഭിച്ചവർ 82 ശതമാനമാണ്. എന്നാൽ സംസ്ഥാനത്ത് ആകെ കണക്ക് നോക്കിയാൽ ഒന്നാം ഡോസ് 48 ശതമാനത്തിനും രണ്ട് ഡോസും കിട്ടിയത് 20 ശതമാനത്തിനും മാത്രമാണ്. 45 ന് താഴെയുള‌ളവർക്ക് അവസ്ഥ ദയനീയമാണ്. 19 ശതമാനം പേർക്ക് മാത്രമാണ് ആദ്യ ഡോസ് ലഭിച്ചത്. രണ്ടാം ഡോസ് ലഭിച്ചത് രണ്ട് ശതമാനത്തിന് മാത്രമാണ്.

ആകെ വാക്‌സിൻ വിതരണത്തിൽ കേരളം പതിനൊന്നാം സ്ഥാനത്താണ്. കേരളത്തിലെതിലും ജനസംഖ്യയുള‌ള ഉത്തർപ്രദേശാണ് ഈ കണക്കിൽ ഒന്നാമത്. 3.61 ആളുകൾക്ക് ആദ്യ ഡോസും 70 ലക്ഷത്തിന് രണ്ട് ഡോസും ഇവിടെ വിതരണം ചെയ്‌തു. കേരളത്തിൽ 45 വയസിന് മുകളിൽ 75 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്‌സിൻ ലഭിച്ചു. ഇത് 1.13 കോടിയാണ്. 18 മുതൽ 44 വരെ 1.50 കോടി ജനങ്ങളിൽ ബഹുഭൂരിപക്ഷത്തിനും രണ്ടാം ഡോസ് വാക്‌സിൻ ലഭിച്ചില്ല.