വഴികളെല്ലാം അടഞ്ഞ് ടൂറിസ്റ്റ് ബസ് ഉടമകൾ ആത്മഹത്യയുടെ വക്കിൽ

Monday 26 July 2021 12:00 AM IST

കൊച്ചി: രണ്ടു വർഷത്തോളമായി നയാപൈസ വരുമാനമില്ലാതെ ആത്മഹത്യയുടെ വക്കിലെത്തിയ ടൂറിസ്റ്റ് ബസ് ഉടമകളെ വായ്പാ തിരിച്ചടവിന്റെ പേരിൽ ധനകാര്യ സ്ഥാപനങ്ങളും റോഡ് നികുതിയുടെ പേരിൽ സംസ്ഥാന സർക്കാരും ഞെക്കിപ്പിഴിയുന്നു.

മൂന്നുമാസത്തെ മുൻകൂർ നികുതി അടച്ചാണ് കോൺട്രാക്ട് കാര്യേജ് സർവീസ്. ദുരിതകാലത്ത് അടച്ച മുഴുവൻ മുൻകൂർ നികുതിയും പാഴായി. ഒരു ബസിന് 90,000 രൂപവരെയാണ് പ്രതിമാസ വായ്പാ തവണ. സമ്പൂർണ ലോക്ക്ഡൗൺ കാലത്തെ റോഡ് നികുതി പോലും ഒഴിവാക്കിയില്ല. കഴിഞ്ഞ മാർച്ചിൽ അടയ്ക്കേണ്ട നികുതിക്ക് ആഗസ്റ്റ് 31 വരെ കാലാവധി നീട്ടുക മാത്രമാണ് ചെയ്തത്.

നീട്ടിക്കിട്ടിയ കാലാവധി അടുത്തമാസം അവസാനിക്കുന്നതോടെ പലർക്കും ആത്മഹത്യയല്ലാതെ മറ്റുവഴികളില്ലെന്ന് കേരള കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സി.സി.ഒ.എ) മുന്നറിയിപ്പ് നൽകുന്നു.

ആകെ കോൺട്രാക്ട് കാര്യേജുകൾ

49 സീറ്റ് ബസുകൾ -9000

30 സീറ്റ് ബസുകൾ -3000

17 - 26 സീറ്റ് ബസുകൾ -3000

സർക്കാരിന് നേരിട്ട് ലഭിക്കുന്ന വാർഷികനികുതി - 450 കോടി

ഈ മേഖലയിൽ തൊഴിൽ എടുക്കുന്നവർ-1 ലക്ഷം

ഒരു ടൂറിസ്റ്റ് ബസിന് (46 സീറ്റ്)

വാർഷിക നികുതി ..... 1,51,000 രൂപ

ക്ഷേമനിധി പ്രതിവർഷം ..... 12,000

ഇൻഷ്വറൻസ്.......................... 80,000

ഇന്ധന നികുതിശരാശരി......... 4,86,000 രൂപ

ടയർ, ട്യൂബ്, സ്പെയർപാട്സ് നികുതികളും ഓട്ടത്തിനിടയിലെ പെറ്റിക്കേസ് പിഴയും വേറെ

സർക്കാരിന് ഒരു രൂപ പോലും ചെലവില്ലാതെ ഓരോ വർഷവും 6 ലക്ഷം രൂപയിലധികം ഖജനാവിൽ എത്തിക്കുന്ന സ്വയം തൊഴിൽ സംരംഭകരാണ് ടൂറിസ്റ്റ് ബസ് ഉടമകൾ. എന്നിട്ടും ഈ പ്രതിസന്ധി കാലത്ത് റോഡ് നികുതി ഇളവ് മാത്രമാണ് ഞങ്ങൾ ചോദിക്കുന്നത്.

ബിനു ജോൺ, സംസ്ഥാന പ്രസിഡന്റ്, സി.സി.ഒ.എ

ഏറ്റെടുക്കൽ ഭീതിയിൽ

ദീർഘദൂര ബസുകൾ

സംസ്ഥാനത്തെ ദീർഘദൂര റൂട്ടുകളിൽ ഓടുന്ന സ്വകാര്യബസുകളുടെ കാര്യവും ഗതികേടിൽ തന്നെ. ഈ സർവീസുകളെല്ലാം കെ.എസ്.ആർ.ടി.സി ഏറ്റെടുക്കാനുള്ള നീക്കം സർക്കാർ ഉൗർജിതമാക്കി. 2019ൽ ദീർഘദൂര സർവീസിന് കെ.എസ്.ആർ.ടി.സി മാത്രം മതിയെന്ന് സർക്കാർ നിശ്ചയിച്ചെങ്കിലും കൊവിഡ് പ്രതിസന്ധി വന്നതോടെ നടപടിയൊന്നുമുണ്ടായില്ല,.

ഇക്കാര്യത്തിൽ സ്വകാര്യ ബസ് ഉടമകളുടെ അഭിപ്രായമറിയാൻ ഹിയറിംഗ് നടത്തുന്നുണ്ട്. ഇതിനിടെ ഏറ്റെടുക്കൽ വിജ്ഞാപനം വീണ്ടും വന്നതോടെ കടക്കെണിയിൽ നട്ടം തിരിയുന്ന ബസുടമകൾ ആശങ്കയിലാണ്. പുതിയ വിജ്ഞാപനം സംബന്ധിച്ച് എതിർപ്പുകളുണ്ടെങ്കിൽ ആഗസ്റ്റ് 26നകം അറിയിക്കണം.

സംസ്ഥാനത്ത് ആകെ - 740 ദീർഘദൂര സ്വകാര്യ ബസുകൾ
കൂടുതൽ - കോട്ടയം - കണ്ണൂർ റൂട്ടിൽ- 45 എണ്ണം

Advertisement
Advertisement