കരുവന്നൂർ ബാങ്ക് തട്ടിപ്പ്: നാല് പ്രതികൾ കസ്റ്റഡിയിൽ,  ഒളിവിൽ കഴിഞ്ഞത് അയ്യന്തോളിലെ ഫ്ലാറ്റിൽ

Sunday 25 July 2021 11:17 PM IST


തൃശൂർ: കരുവന്നൂർ ബാങ്ക് വായ്പാത്തട്ടിപ്പ് കേസിൽ നാല് പ്രതികളെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ബാങ്കിന്റെ മുൻ സെക്രട്ടറിയും സി.പി.എം കരുവന്നൂർ ലോക്കൽ കമ്മിറ്റി അംഗവുമായ ടി.ആർ. സുനിൽ കുമാർ, മുൻ മാനേജരും പൊറത്തിശേരി ലോക്കൽ കമ്മിറ്റി അംഗവുമായ ബിജു കരീം, സീനിയർ അക്കൗണ്ടന്റും തൊടുപറമ്പ് ബ്രാഞ്ച് അംഗവുമായ സി.കെ. ജിൽസ്, കമ്മിഷൻ ഏജന്റ് എ.കെ. ബിജോയ് എന്നിവരാണ് കസ്റ്റഡിയിലായത്. അതേസമയം പ്രതികൾ പിടിയിലായ വിവരം ക്രൈം ബ്രാഞ്ച് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ആറ് പേർക്കെതിരെ ഇരിങ്ങാലക്കുട പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതികളെല്ലാം ഒളിവിൽ പോയിരുന്നു. സുനിൽകുമാറിന്റെ നേതൃത്വത്തിൽ നാലുപേർ തൃശൂർ അയ്യന്തോളിലെ ഫ്‌ളാറ്റിൽ ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. മൊബൈൽ ഫോൺ ഉപേക്ഷിച്ച് നാല് ദിവസമായി ഫ്‌ളാറ്റിൽ കഴിയുകയായിരുന്നു. ഫ്‌ളാറ്റിന് താഴെയുള്ള സൂപ്പർ മാർക്കറ്റിൽ ഇവരെത്തിയത് സി.സി ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. രഹസ്യമായി ഫ്‌ളാറ്റിലെത്തി അന്വേഷണസംഘം ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളുടെ വീടുകളിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയപ്പോൾ ഇവരെ പി.പി.ഇ കിറ്റ് ധരിപ്പിച്ച് അതീവ രഹസ്യമായി ഒപ്പം കൂട്ടിയതായും സൂചനയുണ്ട്.

വായ്പാത്തട്ടിപ്പിലെ പ്രധാന ഇടനിലക്കാരൻ കരുവന്നൂർ പൊറത്തിശേരി കിരൺ, ബാങ്ക് നടത്തുന്ന സൂപ്പർമാർക്കറ്റിലെ അക്കൗണ്ടന്റ് റെജി അനിൽ എന്നിവർ ഒളിവിലാണ്. കിരൺ വിദേശത്തേക്ക് കടന്നതായി വിവരമുണ്ടെങ്കിലും അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടില്ല.

Advertisement
Advertisement