ധന്യദാസിന്റേത് ആത്മഹത്യയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Monday 26 July 2021 12:00 AM IST

കുന്നത്തൂർ : ഭർത്തൃവീട്ടിലെ ജനൽ കമ്പിയിൽ ചുരിദാറിന്റെ ഷാളിൽ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. മർദ്ദനത്തിന്റെ പാടുകളോ ആന്തരികാവയങ്ങൾക്ക് ക്ഷതമേറ്റതിന്റെ ലക്ഷണങ്ങളോ മൃതദേഹത്തിൽ കണ്ടെത്തിയിട്ടില്ലെന്നും ,കഴുത്തിലെ കുരുക്ക് മുറുകിയതാണ് മരണ കാരണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കുന്നത്തൂർ പടിഞ്ഞാറ് മാണിക്യമംഗലം കോളനിയിൽ രാജേഷ് ഭവനിൽ രാജേഷിന്റെ ഭാര്യയും, കുണ്ടറ പേരയം ധന്യാ ഭവനിൽ ഷൺമുഖദാസ് - ലില്ലിക്കുട്ടി ദമ്പതികളുടെ മകളുമായ ധന്യാദാസിനെ (21) ശനിയാഴ്ച പുലർച്ചെയാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ ശാസ്താംകോട്ട താലൂക്കേശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ദൂരൂഹതകളൊന്നും ഇല്ലാത്തതിനെ തുടർന്ന്, പൊലീസ് കസ്റ്റഡിയിലായിരുന്ന ഭർത്താവ് രാജേഷിനെ (28) സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെ തിരുവനന്തപുരം മെഡി. കോളേജിൽ നിന്ന് പേരയത്തെ ധന്യയുടെ വീട്ടിലെത്തിച്ച മൃതദേഹം ഒരു മണിക്കൂറോളം പൊതുദർശനത്തിനു വച്ചു. ഭർത്താവ് രാജേഷ് ഇവിടെയെത്തി അന്തിമോപചാരമർപ്പിച്ചു. പിന്നീട് ,മുളവന കാരിക്കുഴി ലത്തീൻ കത്തോലിക്കാ ചർച്ചിൽ മൃതദേഹം സംസ്കരിച്ചു.

നവവധുവിന്റെ തൂങ്ങിമരണത്തിൽ അടുത്ത ബന്ധുക്കൾ ദുരൂഹത ആരോപിച്ചതോടെ, ശാസ്താംകോട്ട ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിരുന്നു. സംഭവത്തിൽ സംസ്ഥാന യുവജന കമ്മിഷൻ സ്വമേധയാ കേസെടുക്കുകയും കൊല്ലം റൂറൽ എസ്.പിയോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംസ്ഥാന വനിതാ കമ്മിഷനംഗം എം.എസ്. താരയും യുവതി ആത്മഹത്യ ചെയ്ത കുന്നത്തൂരിലെ വീട്ടിലെത്തിയിരുന്നു. ടിപ്പർ ലോറി ഡ്രൈവറായ രാജേഷും ധന്യയും എട്ട് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് കഴിഞ്ഞ മേയ് ഏഴിന് വിവാഹിതരായത്. ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണം തുടരുമെന്ന് ശാസ്താംകോട്ട എസ്.എച്ച്.ഒ അറിയിച്ചു.

Advertisement
Advertisement