പ്ലസ്ടു പരീക്ഷയെഴുതാൻ ഇന്നെത്തും വിദ്യാർത്ഥികളായി ദമ്പതികൾ

Monday 26 July 2021 12:02 AM IST
പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മണിയും ബീനയും

കോഴിക്കോട്: മുക്കം നീലേശ്വരത്തെ ഇരട്ടക്കുളങ്ങര വീട്ടിൽ ഭാര്യയും ഭർത്താവും പരസ്പരം പഠിച്ചതും പഠിപ്പിച്ചതും ഓർത്തെടുത്ത് ഇന്ന് സ്കൂളിലെത്തും, പ്ലസ്ടു പരീക്ഷയെഴുതാൻ. സാക്ഷരതാമിഷന് കീഴിൽ എച്ച്.എസ്.എസ് തുല്യതാ പരീക്ഷയ്ക്ക് തയ്യാറെടുത്ത ബീനയും മണിയുമാണ് പരീക്ഷാഹാളിലെ അനുസരണയുളള 'കുട്ടികളാവുക '. കൊടുവള്ളി ജി.എച്ച്.എസ്.എസിലാണ് ഇരുവരും പരീക്ഷ എഴുതുക.

സാമ്പത്തിക പ്രതിസന്ധിയിൽ വഴിയിൽ നിലച്ചുപോയതായിരുന്നു ഇരുവരുടെയും പഠനം. പത്താംതരം പാസായ മണി പിന്നീട് കുടുംബം പുലർത്താൻ കൂലിപ്പണിയ്ക്കായി ഇറങ്ങി. ബീന പത്താംതരം തുല്യതാ പരീക്ഷ പാസായതോടെയാണ് പ്ലസ് ടു എഴുതാൻ തീരുമാനിച്ചത്. സാക്ഷരത മിഷന്റെ തുല്യതാ കോഴ്സ് അതിനുള്ള അവസരമായി. മക്കളായ അനന്തു കൃഷ്ണയും ആദിത്യ ദേവും അരവിന്ദ് കൃഷ്ണയും പിന്തുണയുമായി കൂടെ നിന്നപ്പോൾ തുല്യതാ ക്ലാസിൽ ചേർന്നു. ഹ്യുമാനിറ്റീസ് ഗ്രൂപ്പെടുത്തായിരുന്നു പഠനം. കൊവിഡ് കാലമായതിനാൽ ക്ലാസെല്ലാം ഓൺലൈനിലായിരുന്നു. വയസു കാലത്താണോ പഠനമെന്ന് പരിഹസിക്കുന്നവരുടെ മുന്നിൽ കീഴടങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് ദമ്പതികൾ. ഇവരുടെ മൂന്ന് മക്കളും നീലേശ്വരം ജി.എച്ച്.എസ്.എസിലാണ് പഠിക്കുന്നത്. മൂത്തമകൻ അനന്തു കൃഷ്ണ പ്ലസ്ടു പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നു. കോഴിക്കോട് ജില്ലയിൽ ഇന്ന് 2060 പേരാണ് തുല്യതാ പരീക്ഷ എഴുതുന്നത്. 1384 പേർ സ്ത്രീകളാണ്.

Advertisement
Advertisement